binoy
അറസ്റ്റിലായ പ്രതി ബിനോയ്ചാക്കോയും പിടിച്ചെടുത്ത മദ്യവും

കഞ്ഞിക്കുഴി: വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന നാല് ലിറ്റർ വിദേശ മദ്യവും 60,000 രൂപയും കഞ്ഞിക്കുഴി പൊലീസ് പിടികൂടി. ഡ്രൈ ഡേയിൽ ഇരട്ടി വിലയ്ക്ക് വിൽക്കാനായിട്ടാണ് മദ്യം സൂക്ഷിച്ചു വച്ചിരുന്നത്. കഞ്ഞിക്കുഴി ചൂടൻ സിറ്റി സ്വദേശി കോതപ്പള്ളി ബിനോ ചാക്കോയുടെ ഓട്ടോറിക്ഷയിൽ നിന്നുമാണ് വിദേശ മദ്യവും പണവും പിടികൂടിയത്. കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ സിബി തോമസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഞ്ഞിക്കുഴി ചൂടൻ സിറ്റി ഭാഗത്ത് വ്യാജ മദ്യവിൽപന വ്യാപകമായി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി എക്‌സൈസ് സംഘത്തിന്റെയും കഞ്ഞിക്കുഴി പൊലീസിന്റെയും നേതൃത്വത്തിൽ ചൂടൻ സിറ്റി ഭാഗത്ത് പരിശോധനകൾ നടന്നു വരികയായിരുന്നു. പ്രതിയായ ബിനോ ചാക്കോ ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ഞിക്കുഴി എസ്.ഐ സുബൈർ, സി.പി.ഒമാരായ ജീനിഷ്, നിമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.