തൊടുപുഴ: നിയന്ത്രണം വിട്ട ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറിന് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് തൊടുപുഴ- പാലാ റോഡിൽ നെല്ലാപ്പാറ വളവിലായിരുന്നു അപകടം. ലോറി ഡ്രൈവർ രോഹിത്തിനെ (40) പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലൈവുഡ് നിർമാണ വസ്തുക്കളുമായി പാലായിൽ നിന്ന് പെരുമ്പാവൂരിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം വിട്ട ലോറി മൂന്നു തവണ മലക്കം മറിഞ്ഞ് റബർ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. കാബിൻ പൂർണമായി തകർന്ന വാഹനത്തിൽ നിന്ന് നാട്ടുകാരാണ് ഡ്രൈവറെ പുറത്തെടുത്തത്. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.