തൊടുപുഴ:ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലങ്കര ഡാം പദ്ധതി പ്രദേശവും ഇടുക്കി നിയോജക മണ്ഡലത്തിലെ നാടുകാണി, കൊലുമ്പൻ സ്മാരകം, ഇടുക്കി ജലവൈദ്യുത പദ്ധതിയോട് അനുബന്ധിച്ചുള്ള ഹൈഡൽ ടൂറിസം എന്നിവ നടപ്പാക്കുന്നതിന് മുൻകൈയെടുത്തത് താനാണെന്ന മട്ടിൽ പ്രചരണം നടത്തുന്ന തൊടുപുഴ എം.എൽ.എയുടെ നിലപാട് പരിഹാസ്യമെന്ന് കേരള കോൺഗ്രസ് ( എം ) നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ജലവിഭവം, ടൂറിസം , വൈദ്യുതി വകുപ്പുകൾ സംയുക്തമായി ജില്ലയിലെ ഗ്രീൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ഏജൻസിയെക്കൊണ്ട് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വകുപ്പ് അദ്ധ്യക്ഷൻമാരുമായി വിശദമായ ചർച്ച നടത്തി മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രത്തിന് പ്രോജ്ര്രക് സമർപ്പിക്കും. . ഇടുക്കി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സംതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ ബാഹ്യമായ യാതൊരു ഉപദേശമോ ഇടപെടലോ ആവശ്യമില്ല. സംസ്ഥാനം ഭരിക്കുന്ന ഗവൺമെന്റിനും അതിൽ പങ്കാളിയായ മന്ത്രിയ്ക്കും തന്റെ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് ദീർഘവീക്ഷണവും ഉത്തരവാദിത്വവും കടമയും ഉണ്ടെന്നും കേരള കോൺഗ്രസ് ( എം ) അഭിപ്രായപ്പെട്ടു.

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നം കോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, അപ്പച്ചൻ ഓലിക്കാരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.