തൊടുപുഴ: പന്നിമറ്റത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് വെട്ടേറ്റു. കൈയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ യുവാവ് സമീപത്തെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്ത ശേഷം സംഭവത്തിൽ കേസെടുക്കുമെന്ന് തൊടുപുഴ എസ്.ഐ ബൈജു പി. ബാബു പറഞ്ഞു.