പെരിങ്ങാശേരി: പൊട്ടിപൊളിഞ്ഞ് ഇടുങ്ങിയ റോഡ്, നല്ലൊരു പൊതുശൗചാലയമില്ല, ബസ് കാത്തിരിപ്പ് കേന്ദ്രമോ സ്റ്റാൻഡോ ഇല്ലേയില്ല, എന്തിന് മഴ പെയ്താൽ കയറി നിൽക്കാൻ പറ്റിയ ഒരു നല്ല കെട്ടിടം പോലും ഇവിടെയില്ല. ഹൈറേഞ്ചിലേക്കടക്കം പോകുന്ന നൂറുകണക്കിന് പേർ വന്നെത്തുന്ന പെരിങ്ങാശേരി ടൗണിന്റെ അവസ്ഥയാണിത്.
ഉപ്പുകുന്ന്, മൂലേക്കാട്, ആൽക്കല്ല് എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ സംഗമസ്ഥാനമാണിവിടം. പതിനഞ്ചിലേറെ ബസുകൾ ദിവസവും സർവീസ് നടത്തുന്ന സ്ഥലമാണ് പെരിങ്ങാശേരി. ഏഴോളം ബസുകൾ ഇവിടെ സർവീസ് അവസാനിപ്പിക്കുന്നുണ്ട്. ഉപ്പുകുന്ന് വഴി ഹൈറേഞ്ചിലേയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ സർവീസുകളുമുണ്ട്. ദിവസവും പെരിങ്ങാശ്ശേരിയിൽ എത്തുന്നത് നൂറുകണക്കിന് യാത്രക്കാരാണ്. എന്നാൽ പെരിങ്ങാശ്ശേരി ടൗൺ കണ്ടാൽ ഇത്രയും പ്രധാനപ്പെട്ട സ്ഥലമാണെന്ന് തോന്നില്ല. ടൗണിലെ റോഡ് തന്നെ വീതികുറഞ്ഞ് ഇടുങ്ങിയ നിലയിലാണ്. ടൗണിലെത്തുന്ന യാത്രക്കാരും തൊഴിലാളികളും മറ്റും എവിടെ ബസ് കാത്തു നിൽക്കുമെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. പെരിങ്ങാശേരിയിൽ എത്തുന്ന ബസുകൾ തിരിക്കണമെങ്കിൽ അരക്കിലോമീറ്റർ അകലെ ഉപ്പുകുന്ന് റൂട്ടിൽ പോകണം. ഇവിടത്തെ കാത്തിരിപ്പുകേന്ദ്രം എന്നത് നാട്ടുകാർ റോഡരികിൽ പണിത ചോർന്നൊലിക്കുന്ന ഓലക്കെട്ടിടമാണ്. ടൗണിലെത്തുന്നവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ പൊതുസ്ഥലം തന്നെ ശരണം. പൊതു ശുചിമുറിയാകട്ടെ ഒരെണ്ണമുള്ളത് ടൗണിൽ നിന്ന് അരക്കിലോമീറ്റർ അകലെയാണ്. സ്ത്രീകളടക്കമുള്ളവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പെരിങ്ങാശ്ശേരി, മൂലേക്കാട് ,ആൾക്കല്ല്, കൊടിപ്ലാവ്, ഉപ്പുകുന്ന്, വെണ്ണിയാനി തുടങ്ങി നിരവധി പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരും പെരിങ്ങാശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും വന്നെത്തുന്ന പ്രദേശമാണിത്. ബസ് സ്റ്റാൻഡും കാത്തിരിപ്പു കേന്ദ്രവും പൊതുശൗചാലയവും യാഥാർത്ഥ്യമായാൽ ഇവർക്കൊക്കെ ഉപകാരമാകും. ഇതിനു പരിഹാരം കണ്ടെത്താൻ ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല.
പട്ടയമില്ലാത്തത് തടസം
ഇവിടത്തെ സ്ഥലങ്ങൾക്ക് പട്ടയമില്ലാത്തതാണ് വികസനത്തിന് തടസമാകുന്നത്. സർക്കാരിൽ നിന്ന് പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ പെരിങ്ങാശേരിയിൽ പഞ്ചായത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിയൂ. നാടിന്റെ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവർ ഇടപെട്ടു പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.