പൂമാല: ഗോത്രവർഗ ജനവിഭാഗത്തിന് തൊഴിൽ ലഭ്യമാക്കാനായി വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് കൊണ്ടുവന്ന മൂന്ന് പദ്ധതികളും ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തനരഹിതം. കൂവക്കണ്ടത്ത് നിന്ന് വാളിയം തോടിനു പോകുന്ന റോഡരികിലാണ് വ്യവസായ വകുപ്പിന്റ വകയായി രണ്ടു കെട്ടിടങ്ങൾ ഉള്ളത്. ഒന്ന് തയ്യൽ പരിശീലനകേന്ദ്രം മറ്റൊന്ന് ധാന്യപ്പൊടികളും കറിപൗഡറും നിർമ്മിക്കുന്നതിനുമുള്ള യൂണിറ്റ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിറ്റ് കിട്ടുന്ന ലാഭമുപയോഗിച്ചാണ് തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നത്. തുടക്കത്തിൽ വിജയകരമായി പ്രവർത്തിച്ചെങ്കിലും പിന്നീട് നല്ലരീതിയിൽ പദ്ധതി മുമ്പോട്ട് കൊണ്ടുപോയില്ല. ഇതോടെ ഈ സ്ഥാപനത്തിൽ ജോലിചെയ്ത് ഉപജീവനം നടത്തിയിരുന്നവർ വഴിയാധാരമായി. ജോലി ചെയ്തിരുന്നവരിൽ കൂടുതലും വനിതകളായിരുന്നു. വനിതകൾക്കായി ആരംഭിച്ച ഗോത്രവർഗ പാരമ്പര്യ ഉത്പന്ന നിർമ്മാണ യൂണിറ്റും തുടങ്ങി അധിക നാൾ കഴിയും മുമ്പ് അകാല ചരമം പ്രാപിച്ചു. ഇവിടെ ഈറ്റ ,മുള എന്നിവ ഉപയോഗിച്ച് കുട്ട, മുറം ഉൾപ്പടെ വീ ട്ടുപയോഗത്തിനുള്ള സാധനങ്ങൾ, ഈറ്റയിൽ തീർത്ത കരകൗശല ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലും പരിശീലനം നൽകിയിരുന്നു. എന്നാൽ അധികം വൈകാതെ ഈ സ്ഥാപനവും അടച്ചുപൂട്ടുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ആദിവാസി ക്ഷേമത്തിനായും ഗോത്ര വിഭാഗങ്ങൾക്ക് തൊഴിൽ നൽകാനുമായി ആരംഭിച്ച സ്ഥാപനങ്ങളാണ് പ്രവർത്തന രഹിതമായത്. ഉപയോഗ ശൂന്യമായികിടക്കുന്ന ഉപകരണങ്ങളും കെട്ടിടവും പ്രജോജനപ്പെടുത്തി ഗോത്ര വിഭാഗം യുവാക്കൾക്കും സ്ത്രീകൾക്കും പ്രയോജനപ്പെടുന്ന പുതിയ സംരംഭങ്ങളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കണമെന്നാണ് ഗോത്ര ജനവിഭാഗം ആവശ്യപ്പെടുന്നത്.