മൂലമറ്റം: നിക്ഷേപകർക്ക് കൂടിയ നിരക്കിൽ പലിശ നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സമ്പത്തിക തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ അഭിജിത്ത് നായരെ ഉടൻ കണ്ടെത്തണമെന്നുള്ള ആവശ്യം ശക്തമാകുന്നു. നിക്ഷേപകരുടെ പണം നഷ്ടമായത് സംബന്ധിച്ച് വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. നിക്ഷേപകരുടെ മുതലും പലിശയും തിരികെ നൽകാം എന്ന് പറഞ്ഞിരുന്ന ഏറ്റവും അവസാന ദിവസമായ കഴിഞ്ഞ 25നാണ് അഭിജിത്ത് നായർ മുങ്ങിയത്.ഇയാളോടൊപ്പം വലം കൈയായി പ്രവർത്തിച്ചിരുന്ന വണ്ണപ്പുറം സ്വദേശി സുമീഷ് ഷാജിയെക്കുറിച്ചും വിവരമില്ല. സ്ഥാപനത്തിലെ ജീവനക്കാരോട് ജൂൺ 25 ന് തൊടുപുഴയ്ക്ക് വരികയാണ് എന്നറിയിച്ച അഭിജിത്ത് നായർ തൊടുപുഴയ്ക്ക് വരാതെ പോത്താനിക്കാട് വഴി വാഹനത്തിൽ കടന്നു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട് നാൽപ്പതോളം യുവതി യുവാക്കളാണ് ഇയാളുടെ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്നത്. എല്ലാവരും തന്നെ ഭീമമായ തുക ഡിപ്പോസിറ്റ് നൽകിയാണ് ജോലിയിൽ പ്രവേശിച്ചത്. ഇവരെയെല്ലാം ഊരാക്കുടുക്കിൽ ആക്കിയാണ് ഉടമ മുങ്ങിയത്.ഇതോടെ പണം നഷ്ടപ്പെട്ടവർ ജീവനക്കാരുടെ നേരെ തിരിയാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്നവരും ഇവരുടെ കുടുംബക്കാർക്കും ഭീതി മൂലം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് നിക്ഷേപകർ ജീവനക്കാരെ തൊടുപുഴ ടൗണിൽ വെച്ച് കൈയേറ്റം ചെയ്തിരുന്നു.തൊടുപുഴ എസ് ഐ ബൈജു.പി. ബാബു എത്തിയാണ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്.