വണ്ടിപ്പെരിയാർ: കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അയൾവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ.വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കണ്ണന്റെ മകൾ ഹർഷിത(6) യെയാണ് ജൂൺ 30 ന് ലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചു കളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എസ്‌റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയത്തായിരുന്നു അപകടം. സഹോദരൻ കവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പൊലിസ് അസ്വഭാവിക മരണത്തിന് അന്നു തന്നെ കേസെടുത്തിരുന്നു. പേസ്റ്റ്മോർട്ടത്തിൽ ചില സംശയങ്ങൾ തോന്നിയ ഡോക്ടർ ഈ വിവരം പൊലിസുമായി പങ്കുവെച്ചതോടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ നാലുപേരെ കസ്റ്റഡയിലെടുത്തു.
മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ ഇരുപത്തിരണ്ടുകാരനെ പൊലിസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിൽ വച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.വണ്ടിപ്പെരിയാർ എസ്. എച്ച് ഒ ടി. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്..