മന്ത്രിയുടെ നിർദേശപ്രകാരം മൃഗസംരക്ഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തി
തൊടുപുഴ: മന്ത്രി ചിഞ്ചു റാണിയുടെ നിർദേശപ്രകാരം മൃഗസംരക്ഷ വകുപ്പ് ജോയിന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും കുട്ടികർഷകൻ മാത്യു ബെന്നിയുടെ വീട്ടിലെത്തി. മൃഗസംരക്ഷ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയാ ചാണ്ടിയും ഡെപ്യൂട്ടി ഡയറക്ടർ ബിനോയ് പി. മാത്യുവുമാണ് മാത്യുവിന്റെ വീട് സന്ദർശിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി തൊഴുത്ത് നിർമിക്കാൻ ഉടൻ സഹായം നൽകുമെന്ന് ഉദ്യോഗസ്ഥർ മാത്യുവിന്റെ കുടുംബത്തെ അറിയിച്ചു. ഇതുകൂടാതെ തീറ്റ പുൽകൃഷിക്കും കന്നുകുട്ടിപരിപാലത്തിനുമുള്ള ആനുകൂല്യവും നൽകും. ക്ഷീരകർഷകനായ പിതാവ് ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് 14 പശുക്കളുടെ ചുമതല ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം കേരള കൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്. ഇതുകണ്ട് മന്ത്രി ചിഞ്ചുറാണി കഴിഞ്ഞ ദിവസം മാത്യുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. വിശേഷം തിരക്കിയ മന്ത്രി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കുവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. തുടർന്ന് മാത്യുവിന്റെ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥരെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നി മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചത്.
തുടർന്ന് പശുപരിപാലനം ബുദ്ധിമുട്ടായതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ പശുക്കളെ താൻ നോക്കിക്കൊള്ളാമെന്ന് മാത്യു അമ്മയോട് പറഞ്ഞതിനെ തുടർന്ന് മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു.