തൊടുപുഴ: ' ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വര വിലാപം..." എന്ന വരികൾ ഇടുക്കിയെക്കുറിച്ചാണോ കവി എഴുതിയതെന്ന് തോന്നിപോകും, ഓരോ ദിവസവും പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ വാർത്തകൾ കാണുമ്പോൾ. പലപ്പോഴും കുട്ടികളെ സംരക്ഷിക്കാൻ വിധിക്കപ്പെട്ടവർ തന്നെയാണ് ഘാതകരാകുന്നതെന്നാണ് സങ്കടകരം. ഭൂരിഭാഗം കേസുകളിലും അടുത്ത പരിചയക്കാരോ ബന്ധുക്കളോ തന്നെയാണ് പ്രതിസ്ഥാനത്ത്. വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഹതഭാഗ്യരായ ആ അച്ഛനും അമ്മയും മകനെപ്പോലെ കരുതിയ യുവാവാണ് അവളുടെ ഘാതകനായത്. ഒരു ഭിത്തിക്കപ്പുറം താമസിക്കുന്ന അവനെ സ്വന്തം കുടുംബാംഗത്തെ പോലെ തന്നെയാണ് അവർ കരുതിയത്. മൂത്ത ചേട്ടനെ പോലെയാണ് ആ മോളും കണ്ടത്. എന്നാൽ അവൻ കാമ കണ്ണുകളോടെ മാത്രമാണ് ആ കുഞ്ഞിനെ നോക്കി കണ്ടതെന്ന് അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. മൂന്നാം വയസു മുതൽ കുഞ്ഞുമോളെ പ്രതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് ഞെട്ടലോടെയാണ് ഏവരും കേട്ടത്.
അതുപോലെ 2019 മാർച്ച് 28ന് അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായി തൊടുപുഴ കുമാരമംഗലത്തെ ഏഴുവയസുകാരൻ മരിച്ച സംഭവത്തിന്റെ വേദന ഇന്നും മലയാളിയുടെ മനസിൽ നിന്ന് വിട്ടുമാറിയിട്ടില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പത്ത് ദിവസത്തോളം ചികിത്സയിലുന്നാണ് ആ ബാലൻ മരിച്ചത്. പിതാവിന്റെ സ്ഥാനത്ത് നിന്ന് സംരക്ഷിക്കേണ്ടയാൾ തന്നെയാണ് ഇവിടെയും കുട്ടിയുടെ ജീവനെടുത്തത്. കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കവടിയാർ നന്തൻകോട് സ്വദേശി അരുൺ ആനന്ദ് (36) ജയിലിലാണ്. തൊടുപുഴ ഉണ്ടപ്ലാവിൽ വിളിച്ചിട്ട് അടുത്ത് വരാതിരുന്നതിന് അഞ്ച് വയസുകാരനെ അച്ഛന്റെ സഹോദരൻ എടുത്ത് വലിച്ചെറിഞ്ഞ സംഭവം കഴിഞ്ഞ വർഷം ഒക്ടോബർ 30നായിരുന്നു. അതുപോലെ തന്നെ സംരക്ഷിക്കാൻ ചുമതലയുള്ള രണ്ടാനച്ഛന്റെ മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ് ഇപ്പോഴും പൂർണമായും ജീവിതത്തിലേക്ക് തിരികെയെത്താത്ത ഷെഫീക്ക് എന്ന ബാലൻ ഇന്നും നോവുന്ന ഓർമയാണ്.
നാണം കെട്ട കണക്കിലും മുമ്പിൽ
കഴിഞ്ഞ വർഷം ജനുവരി മുതൽ ഇന്ന് വരെയുള്ള കാലയളവിൽ ജില്ലയിൽ നവജാതു ശിശു ഉൾപ്പെടെ നാല് കുരുന്ന് ജീവനുകളാണ് നഷ്ടമായത്. 112 ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തു. 20 കുട്ടികൾ ആത്മഹത്യ ചെയ്യുകയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 24 കേസുകളും രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നൽകാതിരിക്കൽ തുടങ്ങിയവയാണ് കേസുകളിൽ അധികവും. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതികൾ. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച് പ്രതിവർഷം നൂറ് കണക്കിന് പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 13 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്. കുട്ടികൾക്കെതിരെ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളിൽ കൂടുതലും ലൈംഗിക പീഡനങ്ങളാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ.
' ബോധവത്കരണത്തിന്റെ ഫലമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രവണത കൂടിയതാണ് കണക്കുകൾ ഉയരാൻ കാരണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. "
-എം.യു. ഗീത (ജില്ലാ ശിശു സംരക്ഷണ ആഫീസർ)
വിളിക്കാം ഈ നമ്പറുകളിൽ
പൊലീസ് കൺട്രോൾ റൂം- 112
ചൈൽഡ് ലൈൻ- 1098
വനിതാ ഹെൽപ്പ് ലൈൻ- 1091
ജില്ലാ ശിശു സംരക്ഷണ ആഫീസർ- 04862- 200108