കുടുക്കിയത് പരസ്പര വിരുദ്ധമായ മൊഴികൾ
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയുടെ ജീവനെടുത്ത അർജുനെ കുടുക്കിയത് പരസ്പര വിരുദ്ധമായ മൊഴികൾ. ജൂൺ 30നാണ് കുട്ടിയെ ലയത്തിലെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയെന്നാണ് മാതാപിതാക്കളും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, ബന്ധുക്കളെ പോലും പൊലീസ് ഇക്കാര്യം അറിയിച്ചില്ല. പകരം കേസിന്റെ ചുരുളഴിക്കാൻ വിദഗ്ദ്ധമായി അന്വേഷണം നടത്തി. ഓരോരുത്തരെയായി ചോദ്യം ചെയ്തു. ഇക്കൂട്ടത്തിൽ അർജുനെയും ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദിവവമായ ജൂൺ 30ന് കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു അർജുന്റെ ആദ്യ മൊഴി. എന്നാൽ അർജുൻ അന്ന് ഉച്ചയ്ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ ഇവരിൽ ചിലർ ഇക്കാര്യം പറഞ്ഞത് സംശയത്തിനിടയാക്കി.
സംഭവദിവസം ഉച്ചകഴിഞ്ഞ് അർജുനും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാർബർ ഷോപ്പിൽ പോയിരുന്നു. അല്പസമയം കഴിഞ്ഞ് അർജുനെ മാത്രം കാണാതായി. അർജുൻ എവിടെ പോയിരുന്നെന്ന ചോദ്യത്തിന് കുടിവെള്ളം ശേഖരിക്കാൻ പോയെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ ഇതും തെറ്റാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇതോടെ അർജുനെയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ കരഞ്ഞ് കൊണ്ട് അബദ്ധം പറ്റി പോയെന്ന് അർജുന് പൊലീസിന് മുമ്പാകെ സമ്മതിച്ചു. മൂന്ന് വർഷമായി കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കുട്ടിക്ക് മിഠായി വാങ്ങി നൽകിയാണ് പ്രതി ദുരുപയോഗം ചെയ്തിരുന്നത്. നിരന്തരമായി അശ്ലീല വീഡിയോകൾ കാണുന്ന ശീലവും തനിക്കുണ്ടെന്ന് അർജുൻ പൊലീസിന് മുമ്പാകെ സമ്മതിച്ചു. കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്.
നിയന്ത്രണം വിട്ട് ജനം
പ്രതിയായ അർജുനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ ജനമാകെ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു. തടിച്ചു കൂടിയ ജനം അർജുനെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. സ്ത്രീകളടക്കം കരഞ്ഞുകൊണ്ട് ശപിക്കുന്നതും കാണാമായിരുന്നു. ചിലർ പ്രതിയെ മർദ്ദിക്കാനായി മുതിർന്നു. എന്നാൽ അക്രമസാധ്യത മുൻകൂട്ടി കണ്ട പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമീപത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ നിന്നടക്കം നൂറിലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പൊലീസ് തീർത്ത വലയത്തിന് നടുവിലൂടെയാണ് പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തത്. ഒരു മണിക്കൂറു കൊണ്ട് തെളിവെടുത്ത ശേഷം സഘം മടങ്ങി.