തൊടുപുഴ: ലോക്ക് ഡൗൺ ഇളവുകളോടെ ഓരോ മേഖലയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും തൊഴിലാളികളും മാത്രം ഇപ്പോഴും റിവേഴ്‌സ് ഗിയറിലാണ്. ഒന്നരമാസത്തോളം പരിശീലനഗ്രൗണ്ടിൽ കിടന്ന് മഴയും വെയിലുമേറ്റ് തുരുമ്പ് പിടിച്ചു വാഹനങ്ങൾ. കഴിഞ്ഞ ദിവസം ഇവ പൊടിതട്ടിയെടുത്ത് പരിശീലനം പുനരാരംഭിച്ചെങ്കിലും ഇതുവരെ ഡ്രൈവിംഗ് ടെസ്റ്റുകൾ തുടങ്ങിയിട്ടില്ല. അടുത്തയാഴ്ചയെങ്കിലും ടി.പി.ആർ കുറയുന്ന മുറയ്ക്ക് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ലോക്ക് ഡൗൺ മുതൽ ടെസ്റ്റിനായി ലൈസൻസ് കാത്തിരിക്കുന്നവർ വരെയുണ്ട്. വിദേശത്തടക്കം ജോലിക്കായി പോകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ ഇരുന്നൂറോളം ഡ്രൈവിംഗ് സ്‌കൂളുകളിലായി ആയിരത്തിലധികം വരുന്ന ജീവനക്കാരാണ് ഒന്നര മാസത്തോളമായി വരുമാനമൊന്നുമില്ലാതെ കഴിയുന്നത്. പലരും സ്വയംതൊഴിൽ വായ്പയെടുത്തും സ്വർണം പണയം വച്ചും പലിശയ്ക്ക് കടവുമെടുത്താണ് സ്ഥാപനങ്ങൾ നടത്തുന്നത്. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവുകളെല്ലാം മുടങ്ങി. വേനലവധി കാലത്ത് കൂടുതൽ പേർ ഡ്രൈവിംഗ് പഠിക്കാനെത്തുന്നത് ഈ മേഖലയ്ക്ക് ഗുണം ചെയ്തിരുന്നു. എന്നാൽ കൊവിഡ് ആയതിനാൽ ഈ സീസണും നഷ്ടമായി. പരിശീലകനടക്കം മൂന്ന് പേരെ വച്ച് പഠിപ്പിക്കാനുള്ള അനുമതിയാണ് ഇപ്പോഴുള്ളത്.


പുതിയ നിയമം എട്ടിന്റെ പണി

രാജ്യത്ത് പുതിയതായി നടപ്പിലാക്കുന്ന അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്ററുകൾ വരുന്നതോടെ നിലവിൽ പ്രവർത്തിച്ചുവരുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും. ഇത്തരത്തിലൊരു സെന്റർ ആരംഭിക്കണമെങ്കിൽ മൂന്ന് കോടി രൂപയെങ്കിലും ആവശ്യമാണ്. കോർപ്പറേറ്റുകൾക്ക് മാത്രമേ ഇത് സാധ്യമാകൂ. ഇതോടെ ലൈസൻസിനായി ഇപ്പോൾ ഈടാക്കുന്ന തുകയുടെ മൂന്നിരട്ടിയെങ്കിലും സ്കൂളുകൾ ഈടാക്കേണ്ടിവരും. ഇതുമൂലം സാധാരണക്കാർക്ക് ഡ്രൈവർ തൊഴിൽ എന്ന സ്വപ്‌നം അന്യമാകും. മേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സംസ്ഥാന സർക്കാർ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ഒരു സഹായവും കിട്ടിയില്ല

'"ലോക്ക് ഡൗണിനെ തുടർന്ന് സമസ്ത തൊഴിൽ മേഖലകളിലും സർക്കാർ സഹായവും ആശ്വാസ നടപടികളും ഉണ്ടായെങ്കിലും ലക്ഷകണക്കിനാളുകളുടെ ഉപജീവനോപാധിയായ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് മാത്രം സർക്കാരിൽ നിന്ന് യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ല. സർക്കാർ ക്ഷേമനിധികളില്ലാത്തതിനാൽ യാതൊരുവിധ ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല

-മാത്യു ജോർജ് (ജില്ലാ പ്രസിഡന്റ്, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആന്റ് വർക്കേഴ്‌സ് അസോസിയേഷൻ)