തൊടുപുഴ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നമ്മുടെ നാട്ടിലുള്ള എണ്ണമറ്റ സംവിധാനങ്ങളിൽ ചിലതെങ്കിലും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുണ്ട്. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടികളും അടങ്ങുന്ന ഒരു സാമൂഹ്യാധിഷ്ഠിത സംഘടനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കാനും ഈ സമിതിക്ക് ചുമതലയുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ മൂന്ന് തലങ്ങളിലും ഈ കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാതലം. എല്ലാ തലത്തിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുട്ടികൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യാധിഷ്ഠിത സംഘടനയായി സമിതി പ്രവർത്തിക്കേണ്ടതാണ്. കമ്മിറ്റി ഓരോ മൂന്ന് മാസവും യോഗം ചേരണം. തങ്ങളുടെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ ജില്ലാ ശിശു സംരക്ഷ സമിതിയെ അറിയിക്കണം. മാത്രമല്ല കുട്ടികളുടെ സുരക്ഷാപ്രശ്‌നപരിഹാരത്തിനായി വാർഷിക കർമപദ്ധതി തയ്യാറാക്കി സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിക്ക് അയച്ചുകൊടുക്കണം. കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ചും സംരക്ഷണാവകാശത്തെ സംബന്ധിച്ചും ബോധവത്കരണം നടത്തണം. ഇതിന്റെ മേൽനോട്ട ചുമതല ശിശുസംരക്ഷസമിതിക്കാണ്. എന്നാൽ നിർഭാഗ്യവശാൽ പല പഞ്ചായത്തുകളിലും ഈ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കൃത്യമായി യോഗം ചേരുകയോ കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ല.
ഇതുകൂടെ മൂന്ന് വർഷം മുമ്പ് ജി.ആർ. ഗോകുൽ ജില്ലാ കളക്ടറായിരിക്കെ തോട്ടംമേഖലയിലെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരു സമിതി രൂപീകരിച്ചിരുന്നു. ജില്ലാ കളക്ടർ അദ്ധ്യക്ഷനും ജില്ലാ ശിശു സംരക്ഷണ ആഫീസറും ലേബർ ആഫീസറുമെല്ലാം ഉൾക്കൊള്ളുന്ന സമിതിയായിരുന്നു ഇത്. സമിതിയുടെ ഉദ്ദേശ്യം തന്നെ വീട്ടിൽ ഒറ്റയ്ക്കാവുന്ന തോട്ടംതൊഴിലാളികളുടെ മക്കളുടെ സംരക്ഷണവും അവരുടെ വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയെന്നതായിരുന്നു. പ്രധാനമായും പീരുമേട് പോലുള്ള തോട്ടം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ജി.ആർ. ഗോകുൽ കളക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ ഈ സമിതി നിർജീവമായി. വർഷങ്ങളായി ഈ സമിതി യോഗം ചേരുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.
തോട്ടങ്ങളിൽ സ്ഥിതി മോശം
മൂന്നാറിലെ തോട്ടങ്ങളിലെ കുട്ടികൾക്ക് പഠിക്കാനും പകൽ സമയം ചെലവഴിക്കാനും ആവശ്യത്തിന് ഡേ കെയർ സംവിധാനങ്ങളുണ്ട്. എന്നാൽ പീരുമേട് മേഖലയിലെ തോട്ടങ്ങളുടെ സ്ഥിതി അതല്ല. ഉത്തരേന്ത്യക്കാരാണ് തോട്ടങ്ങളിലെ തൊഴിലാളികളിലേറെയും. ഇവരുടെ കുട്ടികൾ പലരും പഠനം മുടങ്ങിയവരാണ്. പകൽ സമയങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോയാൽ ഇവർ വീട്ടിൽ ഒറ്റയ്ക്കാണ്. തോട്ടം തൊഴിലാളികളുടെ മക്കളെ ജോലിസമയത്ത് നോക്കാൻ പ്രായമേറിയ സ്ത്രീകളെ ചുമതലപ്പെടുത്തി 'പിള്ള പുര' എന്ന പേരിൽ നടത്തി വന്നിരുന്ന സംവിധാനം നിറുത്തലാക്കിയതോടെയാണ് ലയങ്ങളിലെ കുട്ടികൾ തനിച്ചായത്. ലോക്ക് ഡൗണിൽ അങ്കണവാടികൾ പ്രവർത്തനം കൂടി നിലച്ചതോടെ ഇവർ വീട്ടിൽ തനിച്ചായി.
ബാലാവകാശ കമ്മിഷൻ എത്തും
സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണി അടുത്ത ദിവസം വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് സന്ദർശിക്കും. ജില്ലാ ശിശു സംരക്ഷണ ആഫീസറടക്കം കൂടെയുണ്ടാകും. തോട്ടം മേഖലയിൽ കുട്ടികൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കും.