തൊടുപുഴ: മലപ്പുറം മഞ്ചേരി ചുള്ളക്കാട് സർക്കാർ യു.പി സ്കൂളിലെ 1994- 95 കാലത്ത് ഏഴാം ക്ലാസിൽ കാപ്പിപ്പൊടി കളർ പാവാടയും വെള്ള ടോപ്പുമുള്ള യൂണീഫോമിട്ട്, മുടി ഇരു വശങ്ങളിലും കെട്ടി, ബാഗും പുറത്തിട്ട് സ്കൂളിൽ എത്തിയിരുന്ന ആ കൂട്ടുകാരികളിൽ ചിലരുടെയെങ്കിലും മക്കൾ ഇപ്പോൾ പത്തിലും പ്ലസ്ടുവിലുമാണ് പഠിക്കുന്നത്. അന്നത്തെ ഏഴാം ക്ലാസുകാരികളിൽ മിക്കവരും ഇപ്പോൾ വിദൂര സ്ഥലങ്ങളിൽ കുടുംബിനികളാണ്. അക്കൂട്ടത്തിലൊരാളായ മുട്ടം ചിറയ്ക്കൽ എം.ആർ മൃദുല (അമ്പിളി) അടുത്തിടെ കൂട്ടുകാരികളെ ചേർത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. എല്ലാ ഗ്രൂപ്പിലുമുള്ളത് പോലെ മുടങ്ങാതെ പതിവായി ഗുഡ് മോർണിംഗും ഗുഡ് നൈറ്റും വീട്ട് വിശേഷങ്ങളും ഷെയർ ചെയ്ത് ഇവരും പഴയ കാല ഓർമ്മകൾ നെഞ്ചിലേറ്റി. ഇതിനിടയിൽ ഒരു പരീക്ഷണമായി കൂട്ടുകാരികളായ ഏവരും വിദൂരതയിൽ ഇരുന്ന് കുടുംബ സംഗമത്തിന്റെ ഓരോ വീഡിയോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. വീഡിയോകൾ എല്ലാം എഡിറ്റ് ചെയ്ത് പശ്ചാത്തല സംഗീതം നൽകി മനോഹരമായ ഒരു ആൽബമാക്കി മൃദുല ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഇത് ക്ലിക്കായി. ഇതോടെ കൊവിഡ് പ്രതിരോധ കാമ്പയിൻ, ഗ്രൂപ്പിലെ അംഗങ്ങൾ അകലങ്ങളിൽ ഇരുന്ന് ഒരാൾ മറ്റൊരാൾക്ക്‌ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകുന്നത്, പാചക റാണിമാരാകുന്നത്, നവരാത്രി ദീപങ്ങളൊരുക്കുന്നത്... എന്നിങ്ങനെ വ്യത്യസ്തതയുള്ള അഞ്ചോളം വീഡിയോകൾ കൂടി ഓരോരുത്തരും ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഓരോ വീഡിയോകളും മൃദുല മനോഹരമായ ആൽബങ്ങളാക്കി മാറ്റിയതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിലും വൈറലായി. വിദ്യാഭ്യാസ വകുപ്പ് തൊടുപുഴ ആഫീസിലെ ജീവനക്കാരനായ സി.ആർ. പ്രേംകുമാറിന്റെ ഭാര്യയാണ് മൃദുല. മഞ്ചേരി ആനക്കയത്തുള്ള ലയന, കോയമ്പത്തൂരുള്ള സ്മിത, വണ്ടൂർ പഞ്ചായത്ത് മെമ്പറായ നിഷ, അരീക്കോട്ടുള്ള സുചിത്ര, കൊണ്ടോട്ടി സ്വദേശി മിനി, മഞ്ചേരിയുടെ പല ഭാഗങ്ങളിലായി താമസിക്കുന്ന രാധിക, സന്ധ്യ സി ടി, സമീറ... തുങ്ങിയ ഈ പഴയ ഏഴാം ക്ലാസുകാരികളുടെ സുന്ദര നിമിഷങ്ങൾക്ക് പൂർണ പിന്തുണ നൽകി കുടുംബാംഗങ്ങളും അവരുടെ കൂടെയുണ്ട്.