തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ തെറ്റായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ സമരത്തെ തുടർന്ന് ജില്ലയിലെ കടകളെല്ലാം പൂർണമായും അട‌ഞ്ഞുകിടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക , ടി.പി.ആർ കണക്കാക്കുന്നതിലെ അശാസ്ത്രീയത മാറ്റുക, ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കുക, വൈദ്യുതി ചാർജിലെ ഫിക്‌സഡ് ചാർജ് ഒഴിവാക്കുക, ചെറുകിട വ്യാപാരികൾക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, നിലവിലെ ലോണുകൾക്ക് പലിശ ഇളവ് അനുവദിക്കുക, കെട്ടിടമുറികളിലെ വാടക കുറച്ചു നൽകുക, എല്ലാ വ്യാപാരികൾക്കും വാക്‌സിൻ എടുക്കുന്നതിനു മുൻഗണന നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

തൊടുപുഴയിൽ നടന്ന സമരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ നാസർ സൈര, വി.എ. ജമാൽ മുഹമ്മദ്, സുബൈർ എസ്. മുഹമ്മദ്, എൻ.എൻ. രാജു, ടി.എൻ. പ്രസന്നകുമാർ, ആർ. ജയശങ്കർ, എൻ.പി. ചാക്കോ, എം.ബി. താജു, പി.കെ. രമേഷ്, ഇ. അഭിലാഷ്, പി. അജീവ്, പി.ജി. രാമചന്ദ്രൻ നായർ, ഷെറീഫ് സർഗം, മനു തോമസ് എന്നിവർ പ്രസംഗിച്ചു.

മുതലക്കോടത്ത് നടത്തിയ സമരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.പി. ചാക്കോ ഉദ്ഘാടനം ചെയ്തു.