തൊടുപുഴ: തൊടുപുഴ ചുങ്കത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർക്കെല്ലാം ഇന്നലെ കോളായിരുന്നു. മദ്യത്തിനൊപ്പം ഫ്രീയായി ടച്ചിംഗ്സും, അതും നല്ല ഒന്നാന്തരം ചിക്കൻ 65. സംഗതി മറ്റൊന്നുമല്ല, ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ ചിക്കൻ വറുത്തത് നൽകിയത്. സമരക്കാർ ബിവറേജസിന് സമീപം പാചകം ചെയ്ത് അഞ്ച് കിലോ ചിക്കൻ വറുത്തത് ഓരോരുത്തർക്കും ബട്ടർ പേപ്പറിൽ പൊതിഞ്ഞാണ് നൽകിയത്. വ്യാപാരികളുടെ കടയടപ്പ് സമരമായതിനാൽ ടച്ചിംഗ്സായി അച്ചാറോ മിച്ചറോ പോലും വാങ്ങാനാകില്ലല്ലോ എന്നോർത്ത് മദ്യപർ വിഷമിച്ചിരിക്കുമ്പോഴായിരുന്നു ഈ 'ലോട്ടറി". സൗജന്യമാണെന്ന് അറിയാതെ മദ്യപർ ആദ്യമൊന്ന് പകച്ച് നിന്നെങ്കിലും പതിയെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ പോലൊരു നീണ്ട നിര ടച്ചിംഗ്സ് വാങ്ങാനും ദൃശ്യമായി. അരമണിക്കൂറിനകം സാധനം തീർന്നതോടെ ടച്ചിംഗ്സ് കിട്ടാതെ ബാക്കിയുള്ളവർ നിരാശരായി മടങ്ങി. ആൾ കേരളാ കാറ്ററേഴ്‌സ് അസോസിയേഷന്റെ അഭ്യമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ ഇന്നലെ നിൽപ്പുസമരം നടത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മദ്യം വാങ്ങാൻ ഔട്ട്‌ലെറ്റുകൾക്ക് മുമ്പിൽ കൂട്ടംകൂടുമ്പോൾ, എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ഭക്ഷണ വിതരണം നടത്താൻ അനുമതി നിഷേധിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.