തൊടുപുഴ: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചയോടെ ഉടുമ്പന്നൂർ കോട്ടക്കവലയ്ക്കു സമീപമായിരുന്നു അപകടം. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സ്ഥലം കൈയേറുന്നുവെന്ന പരാതിയെകുറിച്ച് അന്വേഷിക്കാനാണ് എസ്‌.ഐ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തിയത്. പിന്നീട് മടങ്ങിപ്പോകാനായി ജീപ്പ് തിരിക്കുന്നതിനായി പിന്നോട്ട് എടുത്തപ്പോൾ ടയർ ചെളിയിൽ പുതഞ്ഞു. ഇതോടെ എസ്‌.ഐയും പൊലീസുകാരും ചേർന്ന് വാഹനം തള്ളി മുന്നോട്ട് നീക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ട് ഉരുണ്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലു തകരുകയും സാരമായ കേടുപാടു സംഭവിക്കുകയും ചെയ്തു. വാഹനം പിന്നീട് ക്രെയിനിന്റെ സഹായത്തോടെ സ്ഥലത്ത് നിന്ന് നീക്കി.