തൊടുപുഴ: ജീവനക്കാരിയുടെ സ്ഥലമാറ്റത്തെ ചൊല്ലി ജില്ലാ മൃഗാശുപത്രിയിൽ ജീവനക്കാർ തമ്മിൽ കൈയാങ്കാളി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സ്ഥലം മാറ്റം തങ്ങളുടെ നിർദേശപ്രകാരം നടത്തിയില്ലെന്നാരോപിച്ചാണ് എൻ.ജി.ഒ യൂണിയൻ പ്രവർത്തകരും ഒരു വിഭാഗം ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. കോലാനി ജില്ലാ ഫാമിലെ ജീവനക്കാരിയെ ഇവിടെ നിന്ന് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇവർക്ക് പത്തു മാസം മാത്രം സർവീസ് ഉള്ളതിനാൽ ഇവർ ട്രൈബ്യൂണലിനെ സമീപിച്ച് സ്ഥലം മാറ്റം റദ്ദ് ചെയ്തുള്ള ഉത്തരവു നേടിയിരുന്നു. ഇന്നലെ തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇവർ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിയപ്പോൾ ഒരു വിഭാഗം എതിർത്തതാണ് തർക്കത്തിനിടയാക്കിയത്. ഇവരെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നാണ് എൻ.ജി.ഒ യൂണിയൻ പ്രവർത്തകരുടെ ആവശ്യം. എന്നാൽ ഈ തസ്തികയിൽ മറ്റൊരാൾ ജോലി ചെയ്യുന്നതിനാൽ നിയമനം നൽകാനാവില്ലെന്ന് മൃഗസംരക്ഷണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും നിലപാടെടുത്തു. ഇതാണ് തർക്കത്തിന് കാരണം. കൈയ്യാങ്കളിയിലുമെത്തുകയായിരുന്നു. പൊലീസ് ഇടപെട്ടതോടെ ഇന്ന് ചർച്ച നടത്തി പ്രശ്‌നം പരിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് സംഘർഷാവസ്ഥ നീങ്ങിയത്.