മണക്കാട് : കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നത് ഓൺലൈൻ സംവിധാനത്തിലൂടെ ആക്കിയതുമൂലം സ്‌ളോട്ട് കിട്ടാതെ ജനങ്ങൾ ദുരിതത്തിൽ. മണക്കാട് ഗ്രാമപഞ്ചായതതിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്നത് ഹൈറേഞ്ച് മേഖലയിലടക്കം ദൂരെയുള്ള പ്രദേശങ്ങളിലാണ്. എന്നാൽ മണക്കാട് പി.എച്ച്.എസിയിൽ വാക്‌സിനേഷൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് ലഭിക്കുന്നുണ്ട്. മണക്കാട് ഗ്രാമപഞ്ചായത്തിൽ ഇതുവരെ 20 വാക്‌സിനേഷനാണ് നടത്തിയിട്ടുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മാർച്ച 27 ന് അരിക്കുഴയിൽ വച്ച് നടത്തിയ മെഗാ ക്യാമ്പിൽ 562 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. ഇതുവരെ പഞ്ചായത്തിൽ സ്‌പോർട്ട് രജിസ്‌ട്രേഷനിലൂടെയും ഓൺലൈനായും ഏകദേശം 3500 പേർക്ക് വാക്‌സിൻ നൽകി. പഞ്ചായത്തിലെ പി.എച്ച്.സി യിൽ അനുവദിക്കുന്ന വാക്‌സിനേഷൻ സ്‌പോർട്ട് രജിസ്‌ട്രേഷനിലൂടെ അനുവദിച്ചാൽ വാക്‌സിൻ കൃത്യമായി ഓരോ വാർഡിലേക്കും വീതിച്ച് നൽകാനാകും. സമയക്രമം നിശ്ചയിച്ച് ജനപ്രതിനിധികളും ആശാവർക്കർമാരും ചേർന്ന് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തിക്കും തിരക്കുമില്ലാതെയും പരാതികൾ ഇല്ലാതെയും വാക്‌സിൻ നൽകി വന്നിരുന്നതാണ്. എന്നാൽ മുഴുവൻ വാക്‌സിനേഷനും ഓൺലൈൻവഴി ആക്കിയതുമൂലം സ്‌ളോട്ട് കിട്ടാതെ ജനങ്ങൾ ദുരിതത്തിലാണ്. പാവപ്പെട്ടവരായ നിരവധി ആളുകളും നെറ്റ് സൗകര്യവും സ്മാർട്ട് ഫോണുമില്ലാത്തവരും വാക്‌സിൻ ബുക്ക് ചെയ്യാനാവാതെ പ്രതിസന്ധിയിലാണ്. ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർ രണ്ടാം ഡോസിന് അവസരം ലഭിക്കാത്തതുവഴി കടുത്ത മാനസിക സമ്മർദ്ദത്തിന് ഇടയാക്കുന്നു.. മണക്കാട് പഞ്ചായത്തിലെ വാക്‌സിനേഷൻ ഓൺലൈൻ രജിസ്‌ട്രേഷനിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുകയോ, ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകുന്ന വിധത്തിലോ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി അധികാരികളോട് അഭ്യർത്ഥിച്ചു.