കുമളി: തേക്കടിയെ സൈക്കിൾ സൗഹൃദ ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നൽകി. കുമളി കേന്ദ്രമായി പ്രവർത്തിക്കുന്ന തേക്കടി സൈക്ലിംഗ് ക്ലബ്ബാണ് നിവേദനം നൽകിയത്. ജനങ്ങളിൽ സൈക്കിൾ ഉപയോഗത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്. ഉയർന്നു വരുന്ന പരിസ്ഥിതി മലിനീകരണം ഒഴിവാക്കുക, ജനങ്ങളിൽ സൈക്ലിംഗ് മൂലമുള്ള കായിക ക്ഷമത വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്ലബ്ബ് രൂപീകരണത്തിനു പിന്നിലുള്ള ലക്ഷ്യം. വനം വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് സ്വന്തം സൈക്കിളുകളിൽ ആളുകളെ തേക്കടിയിലേക്ക് പോകാൻ അനുവദിക്കണമെന്നതാണ് ക്ലബ് ഭാരവാഹികളുടെ പ്രധാന ആവശ്യം. എങ്കിൽ മാത്രമേ തേക്കടിയെ ഒരു സൈക്ലിംഗ് ഡെസ്റ്റിനേഷനാക്കി ഉയർത്താൻ കഴിയുകയുള്ളൂവെന്ന് നിവേദനത്തിൽ പറയുന്നു. പരിസ്ഥിതി പ്രാധാന്യമേറെയുള്ള തേക്കടിയിലേക്ക് വിദേശങ്ങളിൽ നിന്നു പോലും സൈക്കിളുകളിൽ നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്. കുമളി, ശബരിമല തുടങ്ങി വിവിധ സൈക്കിൾ റൂട്ടുകൾ പ്രാവർത്തികമാക്കിയാൽ ഒരുപാട് സൈക്കിൾ ക്ലബ്ബുകൾ തേക്കടിയിലേക്ക് കടന്നു വരാൻ ഇടയാകും. ഇത് ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്നും നിവേദനത്തിൽ പറയുന്നു. വനം വകുപ്പ്, ടൂറിസം വകുപ്പ് , കുമളി ഗ്രാമപഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളും ഇടപെട്ട് തേക്കടിയെ ഒരു ഉത്തരവാദിത്ത സൈക്ലിംഗ് ഡെസ്റ്റിനേഷനായി ഉയർത്തണമെന്ന് തേക്കടി സൈക്ലിംഗ് ക്ലബ്ബ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.