തൊടുപുഴ : ചിന്നാർ ഹൈഡ്രോ ഇലക്ട്രിക്കൽ പദ്ധതിയുടെ ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട പരിസര മലിനീകരണത്തെ കുറിച്ചുള്ള പരാതികൾ പരിഹരിച്ചതായി കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടണൽ നിർമ്മാണത്തിന്റെ ഭാഗമായി ഒരു താത്ക്കാലിക ക്വാറി സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മലിനീകരണനിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. ടണലിൽ നിന്നും പൊട്ടിച്ചെടുക്കുന്ന പാറകല്ലുകൾ പൊതു മരാമത്ത് റോഡിലൂടെ ക്വാറിയിലേക്ക് ലോറിയിൽ കൊണ്ടു പോകുന്നതാണ് പൊടിശല്യത്തിന് കാരണമാകുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. താത്ക്കാലിക ക്രഷറിന് പ്രവർത്തനാനുമതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രഷറിന് അനുമതി വാങ്ങാനും മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താനും വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളിൽ പാളിച്ചയുണ്ടായാൽ കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ വെള്ളത്തൂവൽ സി ഐ ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും പദ്ധതി നടത്തിപ്പുകാരൻ പരിഹരിച്ചിട്ടുണ്ടെന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൊന്നത്തടി സ്വദേശി സോജൻ ടോം, ഷിജുകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.