smart-phone

അടിമാലി: സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കാത്ത കുട്ടികൾക്ക് അടിമാലി എസ്.എൻ.ഡി.പി. സ്‌കൂൾ ഓൺലൈൻ പഠന സഹായ സമിതി സമാഹരിച്ച സ്മാർട്ട് ഫോണുകളും മറ്റ് പഠനോപകാരണങ്ങളും വിതരണം ചെയ്തു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി രണ്ട് ലക്ഷം രൂപക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹായ സമിതി മുന്നോട്ട് വെച്ച സ്മാർട്ട് ഫോൺ പഠനോപകരണ ചലഞ്ചിനോട് പോതുസമൂഹം വലിയ താല്പര്യത്തോടെ പ്രതികരിച്ചത് കൊണ്ടാണ് സമിതി രൂപീകരിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ഇത്രയും വലിയ തുകക്കുള്ള സ്മാർട്ട് ഫോണുകളും പഠനോപകരണങ്ങളും സമാഹരിക്കാനായത്. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പഠനോപകരണങ്ങൾ അദ്ധ്യാപകർ തന്നെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും. സ്‌കൂൾ സ്മാർട്ട് ഫോൺ ലൈബ്രറിയിലൂടെയാണ് അർഹരായ കുട്ടികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാകുന്നത്. വാർഡ് മെമ്പർ അനസ് ഇബ്രാഹിം അദ്ധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി മാത്യു എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണമൂർത്തി, പി ടി എ പ്രസിഡന്റ് പി .വി .സജൻ, അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ പ്രതീഷ് പ്രഭ, അടിമാലി ശാഖാചെയർമാൻ സി .എസ്. റെജികുമാർ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ .ടി. സാബു, വി എച്ച് എസ് എസ് പ്രിൻസിപ്പൽ പി .എൻ .അജിത എന്നിവരും പങ്കെടുത്തു.