തൊടുപുഴ: വാട്ടർ അതോറിട്ടിയുടെ ആലക്കോട് ശുദ്ധ ജല വിതരണ പദ്ധതിയിൽ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടിയതോടെ അഞ്ചു പഞ്ചായത്തുകളിൽ ഇന്നും നാളെയും കുടിവെള്ല വിതരണം മുടങ്ങും. ആലക്കോട്, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് ശുദ്ധജല വിതരണം തടസപ്പെടുക. ആലക്കോട് പഞ്ചായത്തിലെ ചിലവ് മലയുടെ മുകളിൽ പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. തകരാർ പരിഹരിക്കാൻ രണ്ടു ദിവസമെടുക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. മലങ്കര ജലാശയത്തിൽ കോളപ്ര ഭാഗത്തുള്ള പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പു ചെയ്ത് തലയനാട് പ്ലാന്റിൽ എത്തിച്ച് അവിടെ നിന്ന് ഇഞ്ചിയാനി പമ്പ് ഹൗസിൽ എത്തിച്ച് തുടർന്ന് ചിലവ് മലയിലെ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ചാണ് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. തലയനാട് പ്ലാന്റിൽ നിന്നും നേരിട്ട് വെള്ളം വിതരണം ചെയ്യുന്ന ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി മേഖലയിൽ ജലവിതരണം തടസപ്പെടാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. രണ്ടു ദിവസം തുടർച്ചയായി ജലവിതരണം മുടങ്ങുന്നത് വാട്ടർ അതോറിട്ടിയുടെ ജലവിതരണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും.