ചെറുതോണി: കഞ്ഞിക്കുഴി കണ്ണാടിക്കവലയിൽ റിസോർട്ട് മാഫീയ നേടിയ അനധികൃത പട്ടയത്തിനെതിരെ പരാതി ഉയർന്നിട്ടും നടപടിയായില്ല. അതീവ പരിസ്ഥിതി ദുർബല പ്രദേശമായ കണ്ണാടിക്കവലയിലെ മൊട്ടക്കുന്നിലെ 3.96 ഏക്കർ സ്ഥലത്തിനാണ് പട്ടയം നൽകിയിരിക്കുന്നത്. ഈ സ്ഥലത്ത് പേരിന് മാത്രമാണ് മേൽമണ്ണുള്ളത്. ബാക്കി പ്രദേശം മുഴുവൻ പാറക്കെട്ടുകളാണ്. ഈ പാറക്കെട്ടിനു ചുറ്റും കാട്ടുകല്ലുപയോഗിച്ച് കെട്ടി തട്ടുകളായി തിരിച്ചിരിക്കുകയാണ്. ഈ സ്ഥലത്തിനു എട്ടു കിലോമീറ്റർ അകലെയുള്ള സ്ഥലത്തിന്റെ ജെ.വി നമ്പരുപയോഗിച്ചാണ് പട്ടയം നൽകിയിരിക്കുന്നത്. തൊടുപുഴ താലൂക്കിലെ ജെ.വി നമ്പരാണ് ഇടുക്കി താലൂക്കിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതും വിചിത്രമാണ്. ഈ സ്ഥലത്തിനു സമീപമായി അഞ്ഞൂറിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്കാർക്കും പട്ടയം നൽകിയിട്ടില്ല. ഇതിന് സമീപം വിയറ്റ്‌നാം കുന്നിൽ ഒന്നേകാൽ ഏക്കർ സ്ഥലത്തിനു പട്ടയം നൽകിയിട്ടുണ്ട്. ഇവിടെ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തി നിർമ്മാണമാരംഭിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കണ്ണാടിക്കവലയിൽ 3.96 ഏക്കറിനേ പട്ടയമുള്ളൂവെങ്കിലും ഇതിൽ കൂടുതൽ സ്ഥലം ഉടമയ്ക്കുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഒരു മലയും സമീപ പ്രദേശവും ഉൾപ്പെടുത്തി വലിയ റിസോർട്ടു നിർമ്മിക്കാനാണ് പദ്ധതിയെന്ന് പറയപ്പെടുന്നു. ഇതിനു മുന്നോടിയായി ഇവിടെ ചെറിയകെട്ടിടം പണിത് ഇതിനു പഞ്ചായത്തു നമ്പരും തരപ്പെടുത്തിയിട്ടുണ്ട്. പരാതി ഇപ്പോൾ തഹസിൽദാർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.