dam
ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് ആർ.രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഇടുക്കി അണക്കെട്ടിൽ പരിശോധന നടത്തുന്നു.

ചെറുതോണി: മൺസൂൺ കാലത്തിന് മുന്നോടിയായിട്ടുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഇടുക്കി, ചെറുതോണി ഉൾപ്പെട്ടയുള്ള ജില്ലയിലെ മുഴുവൻ അണക്കെട്ടുകളിലും സന്ദർശനം നടത്തി. കാലവർഷത്തിൽ അണക്കെട്ടുകളിലെ ജലവിതാനം ഉയരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിലയിരുത്തുന്നതിന് വേണ്ടിയാണ് ചെയർമാൻ സന്ദർശനം നടത്തിയത്. മൺസൂണിനോടനുബന്ധിച്ച് മുൻവർഷങ്ങളിലും ഡാം സുരക്ഷാ വിഭാഗം ഇത്തരം പരിശോധനകൾ നടത്തിയിരുന്നു. പതിവ് നടപടിയുടെ ഭാഗമായാണ് ഇത്തവണയും സന്ദർശനം നടത്തിയതെന്നും വർഷകാലത്ത് ജലം ഉയരുന്ന സാഹചര്യം മുന്നിൽ കണ്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഏതു പ്രതിസന്ധിയെയും നേരിടാൻ കെ.എസ്.ഇ.ബി.യും ഡാം സുരക്ഷാ വിഭാഗവും തയ്യാറാണന്നും സന്ദർശനത്തിനുശേഷം ചെയർമാൻ പറഞ്ഞു. ഡാം സൈറ്റിൽ വൈദ്യുതി ബന്ധം തടസ്സെപ്പെടാത്ത വിധം പ്രത്യേകം ലൈൻ സ്ഥാപിച്ച് സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ചെയർമാൻ പറഞ്ഞു. ഡാം സുരക്ഷാ വിഭാഗം മെമ്പർ സെക്രട്ടറി ബിജു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡെൻസിൽ പോൾ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ .ഹരി തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.