ചെറുതോണി: പൈനാവ് ഫ്‌ളവേഴ്‌സ് കോളനിയിൽ നിന്നും 56 കോളനിയിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് തിരിച്ചു വിട്ടതിനെത്തുടർന്ന് എട്ടോളം കുടുബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. 2018 മുതൽ ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ല. ഫ്‌ളവേഴ്‌സ് കോളനിയിൽ 20 കുടുംബങ്ങളാണ് താമിസിക്കുന്നത്. ഇതിനു താഴെയാണ് എട്ടു കുടുംബങ്ങൾ താമസിക്കുന്നത് മുൻ വർഷങ്ങളിൽ കോളനിയിൽനിന്നുമൊഴുകിയിരുന്ന വെള്ളത്തിന്റെ ഗതി മാറ്റിയതിനെത്തുടർന്നാണ് താഴെയുള്ള വീടുകൾ അപകടഭീഷണിയിലായത്. ഇവർ ഇവിടെ വീടുവയ്ക്കുമ്പോൾ ഇതുവഴി വെള്ളമൊഴുകുന്നില്ലായിരുന്നു. വെള്ളത്തിന്റെ ഗതിമാറ്റിയതാണ് വീടുകൾ അപകടഭീഷണിയിലായത്. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള ഈ സ്ഥലത്തിന്റെ എതിർ ദിശയിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടി വൻനാശനഷ്ടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പതിവിൽകൂടുതൽ വെള്ളമൊഴുകിയെത്തുന്നത് വീടുകൾക്ക് ഭീഷണിയാണ്. ഇതോടെ എട്ടു വീട്ടുകാർ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. ഏതുസമയവും മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഭയന്നാണ് കഴിയുന്നതെന്ന് വീട്ടുകാർ പറയുന്നു. അ കോളനിയിൽ നിന്നോഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് പഴയ രീതിയിൽ തിരിച്ചുവിട്ട് തങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെടുന്നു.