തൊടുപുഴ: മൈലക്കൊമ്പിൽ മൽസ്യക്കുളത്തിൽ നിന്നും വളർത്തു മൽസ്യങ്ങളെ മോഷ്ടിച്ച കൗമാരക്കാരെ നാട്ടുകാർ പിടികൂടി. ഇന്നലെ പുലർച്ചെ വീണ്ടും മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘമാണ് മോഷണം നടത്തിയത്. മൈലക്കൊമ്പ് വഴുതലക്കാട്ട് സിറിൽ ജോസിന്റെ മുപ്പതു സെന്റ് കുളത്തിലെ മൽസ്യങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. തൊടുപുഴ സി.ഐയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കുളം മൂടിയിരുന്ന വല മുറിച്ചു മാറ്റി അകത്തു കടന്നാണ് ചൂണ്ടയും കോരുവലയും ഉപയോഗിച്ച് മൽസ്യത്തെ പിടിച്ചിരുന്നത്. പിടിയിലായവർ കുമാരമംഗലം , പാറ ,വെങ്ങല്ലൂർ ഭാഗത്തു നിന്നുള്ളവരാണ്. ഇന്നലെ പുലർച്ചെ ഇവരെ കുളത്തിനടുത്തു കണ്ട നാട്ടുകാർ തടഞ്ഞു വച്ച് മൽസ്യ കൃഷി നടത്തുന്ന സിറിലിനെയും സുഹൃത്തുക്കളെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ അറിയിച്ചു. മോഷണം നടത്തിയവർക്ക് പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കളെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു നൽകി. ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് പോലീസ് പറഞ്ഞു.