തൊടുപുഴ: ഒന്നിടവിട്ട ദിവസങ്ങളിലുള്ള ലോക്ക് ഡൗൺ ഇളവുകൾക്കിടയിലെ നഗരയാത്ര തൊടുപുഴക്കാർക്ക് നരകമായി മാറുന്നു. ഇളവുകളുള്ള തിങ്കൾ,​ ബുധൻ,​ വെള്ളി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ ഏഴ് വരെയുമുള്ള സമയങ്ങളിൽ വാഹനവുമായി ടൗണിലിറങ്ങിയാൽ കുരുക്കിൽപ്പെട്ട് വലയുമെന്ന് തീർച്ച. കൊവിഡ് ഭീതിയിൽ പലരും ബസുകൾ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിൽ നിരത്തിറങ്ങുന്നതാണ് തിരക്ക് കൂടാനൊരു കാരണം. കാഞ്ഞിരമറ്റം ജംഗ്ഷൻ,​ മാർക്കറ്റ് റോഡ്,​ ഗാന്ധി സ്ക്വയർ,​ മൂപ്പിൽകടവ് പാലം,​ തൊടുപുഴ - പാലാ റോഡ്,​ മൂവാറ്റുപുഴ റോഡ്, ഇടുക്കി റോഡ്,​​ അമ്പലം ബൈപ്പാസ്,​ മങ്ങാട്ടുകവല - കാരിക്കോട് റോഡ് തുടങ്ങി പ്രധാന ജംഗ്ഷനുകളിലും റോഡുകളിലുമെല്ലാം കുരുക്ക് രൂക്ഷമാണ്. പലയിടത്തും വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടമാണ് ഗതാഗത തടസം കൂടാൻ പ്രധാന കാരണം. നേരത്തെ കാര്യമായ പ്റശ്നമില്ലാതിരുന്ന റോഡായിരുന്നു കാഞ്ഞിരമറ്റം ബൈപാസ്. എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കൊപ്പം കാഞ്ഞിരമറ്റം ജംഗ്ഷനടുത്ത് വഴിയോര കച്ചവടം കൂടി ആരംഭിച്ചതോടെ ഇവിടവും കുരുക്കിലായി. വഴിയോര കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വാഹനങ്ങൾ നിറുത്തുന്നതും വലിയ ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്. അടുത്തടുത്ത് രണ്ട് ആട്ടോറിക്ഷാ സ്റ്റാൻഡുകളുള്ള ഇവിടെ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും കൂടി റോഡരികിൽ നിറുത്തിയിടുമ്പോൾ ബസുൾപ്പെടെയുള്ള മറ്റ് വണ്ടികൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. അതുപോലെ മാർക്കറ്റ് റോഡിൽ തിരക്കേറിയ സമയങ്ങളിൽ വലിയ ലോറികൾ യാതൊരു നിയന്ത്രണവുമില്ലാതെ ചരക്കിറക്കുന്നത് വലിയ തോതിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. റോഡിന്റെ രണ്ട് വശങ്ങളിലും വലിയ ലോറികൾ നിറുത്തിയിടുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. ഈ സമയം ബസുകളും ഇതുവഴിയെത്തുന്നതോടെ പൂർണമായും സ്തംഭിക്കും. രാവിലെയും വൈകിട്ടും ലോറികൾ റോഡരികിൽ നിറുത്തി ചരക്കിറക്കുന്നതിന് നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കാറില്ല. പാലാ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തും വാഹനങ്ങളുടെ തിരക്കിന് കുറവില്ല. അനധികൃത പാർക്കിംഗ് ഇടുക്കി റോഡിലും അമ്പലം ബൈപ്പാസിലും കുരുക്ക് കൂട്ടുന്നുണ്ട്.

മാനദണ്ഡമില്ലാതെ വഴിയോരകച്ചവടം

റോഡിനു വീതിയുള്ള എല്ലാ സ്ഥലങ്ങളും ഓരോ ദിവസവും അനധികൃത കച്ചവടക്കാർ കൈയേറുകയാണ്. ആദ്യം വാഹനങ്ങളിൽ കച്ചവടത്തിനെത്തി അധികൃതരുടെ എതിർപ്പ് ഉണ്ടാകില്ലെന്ന് വരുമ്പോൾ ഷെഡ് കെട്ടി സ്ഥിരം കച്ചവട കേന്ദ്രമാക്കുകയാണ്. ലൈസൻസ് എടുത്തു കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് ഇത് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഫുട്പാത്ത് കൈയേറിയുള്ള ഇവരുടെ കച്ചവടം കാരണം വഴിയാത്രക്കാരും റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പഴം,​ പച്ചക്കറി കച്ചവടത്തിന് ശേഷം ബാക്കി വരുന്ന മാലിന്യം നഗരത്തിൽ തന്നെ തള്ളുന്നത് മാലിന്യപ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. വഴിയോരക്കച്ചവടത്തിനുള്ള നഗരസഭയുടെ തിരിച്ചറിയൽ കാർഡെടുത്ത ശേഷം കണ്ണായ സ്ഥലങ്ങളിൽ കടയിട്ട് മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുക്കുന്നവരും തൊടുപുഴയിലുണ്ട്.

കുരുക്കഴിക്കാൻ നഗരസഭ

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരമാണ് നഗരസഭ വഴിയോരക്കച്ചവടക്കാരുടെ കണക്കെടുക്കുന്നത്. ഇപ്പോൾ കച്ചവടം നടത്തുന്നവരിൽ നഗരസഭ നൽകിയ തിരിച്ചറിയൽ കാർഡില്ലാത്തവരെയും കാർഡുണ്ടായിട്ടും തൊടുപുഴയിൽ കച്ചവടം ചെയ്യാത്തവരെയും ഒഴിവാക്കും. ബാക്കിയുള്ളവരെ നഗരത്തിന് പുറത്ത് സോണുകൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കച്ചവടം ചെയ്യാൻ അനുവദിക്കും. ഇക്കാര്യം ഇവരടങ്ങുന്ന കമ്മിറ്റിയും നഗരസഭാ കൗൺസിലും ചേർന്ന ശേഷം തീരുമാനിക്കും.

'നഗരത്തിൽ റോഡ് കൈയേറി ഗതാഗത തടസമുണ്ടാക്കി മറ്റ് കടകൾക്ക് മുമ്പിൽ വഴിയോര കച്ചവടം ചെയ്യാൻ ഇവരെ അനുവദിക്കില്ല. റോഡരികിലെ ഇത്തരം അനധികൃത കച്ചവടം പൂർണമായും ഒഴിപ്പിക്കാൻ പി.ഡബ്ല്യു.ഡി ,​ റവന്യൂ വകുപ്പുകളുടെ കൂടി സഹകരണം ആവശ്യമാണ്"

- സനീഷ് ജോർജ്ജ് (തൊടുപുഴ നഗരസഭാ ചെയർമാൻ)​