മുട്ടം: പള്ളിയുടെ പ്രാർത്ഥനാ സ്ഥലത്ത് ഒരു പ്ളാസ്റ്റിക് കവറിൽ തുണികൾ , കവറിനകത്ത് വെള്ളപ്പേപ്പറിൽ ഒരു കുറിപ്പ്, 'സോറി' അത്രമാത്രം. ഇത്രയും മതിയായിരുന്നു മുട്ടം മർത്ത മറിയം ദേവാലയ കപ്യാർ ബിനുവിന് കാര്യങ്ങൾ മനസിലാക്കാൻ. ഇത് തന്റെ മകളുടെ നഷ്ടപ്പെട്ട വസ്ത്രമടങ്ങിയ കവറാണെന്ന് ബോദ്ധ്യമാവുകയും ചെയ്തു. ബുധനാഴ്ച്ച രാവിലെ പതിനൊന്നിന് മുട്ടം പഞ്ചായത്ത് ഫ്രണ്ട് ഓഫീസിന് സമീപത്ത്വച്ചാണ് വസ്ത്രമടങ്ങിയ കവർ നഷ്ടമായത്. ബിനുവിന്റെ ഭാര്യ ഷിമി പഞ്ചായത്തിൽ ഒരു അപേക്ഷ നൽകാൻ എത്തിയപ്പോൾ കയ്യിൽ സൂക്ഷിച്ചിരുന്ന കവറാണ് നഷ്ടമായത്. മകൾ അഞ്ജന ബിനുവിന്റെ സ്കൂൾ യൂണിഫോമും മറ്റ് ഡ്രസുകളും ഉൾപ്പെടുന്ന ചെറിയ കവർ ഫ്രണ്ട് ഓഫീസിന് സമീപം നിലത്ത് വെച്ചതിന് ശേഷമാണ് ഷിമി അപേക്ഷ തയ്യാറാക്കിയത്.അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞ് നോക്കുമ്പോൾ കവർ കാണാനില്ല. . വാർഡ് മെമ്പർ ഡോളി രാജുവിനോട് വിവരം പറഞ്ഞ് ഇരുവരും ഏറെ സമയം തിരഞ്ഞെങ്കിലും കിട്ടിയില്ല.'സ്കൂൾ യൂണി ഫോം ഉൾപ്പെടുന്ന കവർ നഷ്ടപ്പെട്ടു, ലഭ്യമാകുന്നവർ എത്തിക്കണം' എന്നുള്ള അഭ്യർത്ഥയോടെ ഇത് സംബന്ധിച്ച് വാർഡ് മെമ്പർ ഡോളി ഉടൻ പഞ്ചായത്തിന്റെ ഉൾപ്പടെയുള്ള വിവിധ വാട്സ് ആപ്പ് ഗ്രൂപ്പിൽപോസ്റ്റിട്ടു. എന്നാൽ ഇത് സംബന്ധിച്ച് പിന്നീട് ഒരു സൂചനയും ലഭിച്ചുമില്ല. പിറ്റേന്ന് വൈകിട്ട് 6 മണിയോടെ ബിനു ദേവാലയത്തിലെത്തിയപ്പോൾ മെഴുക് തിരി കത്തിച്ച് പ്രാർത്ഥന നടത്തുന്ന ഭാഗത്ത്‌ വെച്ചിരിക്കുന്ന ഒരു കവറും അതിൽ മകളുടെ യൂണിഫോംമിന്റെ കൂടെ വെള്ള പേപ്പറിൽ 'സോറി' എന്നെഴുതിയിരിക്കുന്ന കുറിപ്പും ലഭിക്കുകയായിരുന്നു. എന്തായാലും തിരികെത്തരാൻ സൻമനസ് തോന്നിയ ആളോട് നന്ദിയേ ഉള്ളുവെന്നാണ് ബിനുവിന് പറയാനുള്ളത്.