ചെറുതോണി: സ്‌പോട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ, പ്ലസ് വൺ, കോളേജ് ഹോസ്റ്റലുകളിലേക്കും, എലൈറ്റ് ഓപ്പറേഷൻ ഒളിമ്പ്യസ്‌കീമിലേക്കും പുതിയ അദ്ധ്യയന വർഷത്തേക്കുള്ള കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് 13 ന് അറക്കുളം സെന്റ്‌ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിലും 14 ന് ഇടുക്കി കാൽവരിമൗണ്ട് ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളീബോൾ എന്നീകായികയിനത്തിൽ മാത്രമാണ് ജില്ലാതല സെലക്ഷൻ ട്രയൽസ് നടത്തുന്നത്. ജില്ലാതല സെലക്ഷൻ നേടുന്നവർ സോണൽ സെലക്ഷനിൽ പങ്കെടുക്കേണ്ടതാണ്. സ്‌കൂൾതലത്തിൽ നിലവിൽ ഏഴ്, എട്ട് ക്ലാസ്സുകളിലും, പ്ലസ് വൺ ഈ വർഷം പ്രവേശനം ആഗ്രഹിക്കുന്നവരും കോളേജ് തലത്തിൽ ഡിഗ്രി ഒന്നാംവർഷം പ്രവേശനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. ഏഴ്, എട്ട് ക്ലാസ്സുകളിലേക്ക് സെലക്ഷനിൽ പങ്കെടുക്കുന്നവർക്ക് 14 വയസ്സ് തികയാൻ പാടില്ല. കോളേജ് തല സെലക്ഷൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നേരിട്ട് നിയന്ത്രിക്കുന്ന അക്കാഡമികളിലേക്ക് മാത്രമായിരിക്കും. സ്‌കൂൾ സെലക്ഷനിൽ പങ്കെടുക്കുന്ന വോളീബോൾ ആൺകുട്ടികൾക്ക് മിനിമം 170 സെന്റിമീറ്റർ പൊക്കവും, പെൺകുട്ടികൾക്ക് 163 സെന്റിമീറ്റർ പൊക്കവുമുണ്ടായിരിക്കണം. പ്ലസ് വൺ, കോളേജ് ഹോസ്റ്റൽ വോളീബോളിൽ സെലക്ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾക്ക് 185 സെന്റിമീറ്റർ പൊക്കവും, പെൺകുട്ടികൾക്ക് 170 സെന്റിമീറ്റർ പൊക്കവുമുണ്ടായിരിക്കണം. കായികതാരങ്ങൾ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസ്സിൽ പഠിക്കുന്നുവെന്നതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ നൽകിയ സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ്‌കിറ്റ്, വയസ്സ്‌തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്‌സിൽ പ്രാവിണ്യം നേടിയസർട്ടിഫിക്കറ്റ്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി 13 ന് രാവിലെ 8.30 ന് അറക്കുളം സെന്റ്‌ജോസഫ്‌സ്‌കോളേജ് ഗ്രൗണ്ടിലോ 14 ന് രാവിലെ 8.30 ന് ഇടുക്കി കാൽവരിമൗണ്ട് ഹൈസ്‌കൂൾ ഗ്രൗണ്ടിലോ ഹാജരാകേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസം, വിദഗ്ദ്ധപരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങൾ, വാഷിംഗ് അലവൻസ്, സൗജന്യ വൈദ്യപരിശോധന എന്നിവലഭിക്കുന്നതാണ്. വിവരങ്ങൾക്ക് 9447243224, 9895112027 നമ്പരുകളിൽ ബെന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.