തൊടുപുഴ: ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ ജീവാപായവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക പ്രമുഖരും സ്ത്രീപക്ഷ പുരോഗമന വാദികളും നിശബ്ദത പാലിക്കുന്നത് അപകടകരമായ പുതിയ പ്രവണതയാണെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി. ഇരകളുടെ ജീവിതം പറഞ്ഞ് നടന്നവർ പ്രതികളുടെ രാഷ്ട്രീയം പറയുകയാണ്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന സ്ത്രീബാലികാ പീഡനങ്ങളെ നിസാരവത്കരിച്ച് കാണുന്ന സമീപനമാണ് ഇടതു സർക്കാരും സഹയാത്രികരും സ്വീകരിക്കുന്നത്. വാളയാറും പാലത്തായിയും കടന്ന് വണ്ടിപ്പെരിയാറിലെത്തുമ്പോഴും ഇതാണ് സ്ഥിതി. സംസ്ഥാനത്തിന് പുറത്ത് നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും എടുത്ത് പറഞ്ഞ് മുദ്രാവാക്യം വിളിച്ചും പ്രസംഗിച്ചും നടക്കുന്നവർ ഇടതുപക്ഷ ഭരണമുള്ള കേരളത്തിൽ നടക്കുന്നതൊന്നും കാര്യമാക്കുന്നില്ല.

ഭരണക്കാരെ വിമർശിക്കാതെ അടുത്തൂൺ പറ്റി ജീവിക്കാൻ നിശബ്ദത പ്രകടിപ്പിക്കുന്ന ഈ സംസ്‌കാരം കേരളത്തിൽ രൂപപ്പെടുന്ന അപകടകരമായ ഒരു ദിശാസൂചികയായി കാണേണ്ടതുണ്ടെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റർ, ട്രഷറർ കെ.എസ്. സിയാദ് എന്നിവർ പറഞ്ഞു.