ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വിയറ്റാംകോളനിയിലും, പൊന്നെടുത്താൻ കണ്ണാടിക്കവലയിലും നൽകിയ പട്ടയം സംബന്ധിച്ച കുടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഇടുക്കി മണ്ഡലം സെക്രട്ടറി എം.കെ പ്രിയൻ, ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ മുഖേനെ റവന്യൂമന്ത്രിക്ക് പരാതി നൽകി. വിയറ്റ്‌നാം കോളനിയിലും കണ്ണാടിപ്പറയിലും മാനദണ്ഡങ്ങൾ പാലിക്കാതെ പട്ടയം വാങ്ങി അനുവാദമില്ലാതെ നിർമ്മാണം നടത്തുന്നത് സംബന്ധിച്ച് മംഗളം വാർത്തനൽകിയിരുന്നു. ഈ വാർത്ത സഹിതമാണ് പരാതിനൽകിയത്. അതീവപരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ മൊട്ടക്കുന്നിടിച്ചു നിരത്തിയാണ് നിർമ്മാണങ്ങൾ നടത്തിയിരുന്നത്. നേരിയമംഗലം റേഞ്ച് സെപ്യൂട്ടി റെയ്ഞ്ചർ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മൊ നൽകിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിർമ്മാണമാരംഭിക്കാനിരിക്കെയാണ് റവന്യൂ മന്ത്രിപ്പ് പരാതി നൽകിയത്. ആയരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് രണ്ടു പേർക്കുമാത്രമാണ് പട്ടയം ലഭിച്ചിട്ടുള്ളത്. അതു രണ്ടു മൊട്ടകുന്നുകൾക്കാണ് പട്ടയം ലഭിച്ചത്. പാറത്തരിശായ സ്ഥലം മണ്ണുനിരത്തിയാണ് നിർമ്മാണം നടത്തിയത് മഴക്കാലത്ത് താഴെഭാഗത്ത് താമസിക്കുന്ന വീടുകൾക്ക് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇടുക്കി താലൂക്കിലെ പ്രകാശ്, കരിക്കിൻമേട്, പതിനാറാംകണ്ടം, വാത്തിക്കുടി, കഞ്ഞിക്കുഴി, ചിന്നാർ, ഉപ്പുതോട്, തങ്കമണി, കാൽവരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ അധികൃതരുടെ ഒത്താശയോടെ പാറഖനനം, മണൽ, മണ്ണുകടത്ത്, നിരോധിത മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ, പരിസ്ഥിതി മേഖലയിൽ റിസോർട്ടു മാഫിയകൾക്ക് പട്ടയം നൽകുന്നതുൾപ്പെടെയുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്താനാവശ്യപ്പെട്ടാണ് സി.പി.ഐ റവന്യൂ മന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.