ഇടുക്കി : മെഡിക്കൽ കോളേജിൽ ഡി ടൈപ്പ് ഓക്‌സിജൻ സിലിണ്ടർ ഇറക്കുന്നതു സംബന്ധിച്ചുണ്ടായിരുന്ന കൂലിത്തർക്കം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഒത്തുതീർപ്പായി. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് ഇറക്കുകൂലി 60 രൂപയിൽ നിന്ന് 40 രൂപയായി കുറയ്ക്കും. എന്നാൽ ആദ്യത്തെ 40 എണ്ണം വരെ ഡി ടൈപ്പ് സിലിണ്ടർ ഇറക്കുന്നതിന് 60 രൂപ നിരക്കു തുടരും. 40 ന് മുകളിലേക്കുള്ള ഓരോ സിലിണ്ടറിനും 40 രൂപയായി നിശ്ചയിച്ചു. ഇറക്കുകൂലി കുടിശ്ശികയുള്ളത് ഉടൻ പുതിയ നിരക്കിൽ നൽകാനും തീരുമാനമായി. ഡീൻകുര്യാക്കോസ് എം പി, വാഴൂർ സോമൻ എം എൽ എ, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് റോമിയോ സെബാസ്റ്റിയൻ, പി.ഡി ജോസഫ്, ഇ.പി അശോകൻ, ഡി എം ഒ ഡോ. എൻ. പ്രിയ. ഡി പി എം ഡോ. സുജിത് സുകുമാരൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.