നെടുങ്കണ്ടം: വൈദ്യുതാഘാതമേറ്റ് അസം സ്വദേശി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം കെ.എസ്.ഇ.ബി സെക്ഷൻ ആഫീസിലെ ഓവർസിയറെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ഓവർസിയർ സന്തോഷിനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വൈദ്യുതി വകുപ്പ് വകുപ്പുതല അന്വേഷണവും ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് നെടുങ്കണ്ടം അമ്പിളിയമ്മൻകാനത്ത് കരാർ തൊഴിലാളിയായ കപിൽ (19) മരിച്ചത്. പ്രദേശത്ത് പുതിയ റോഡിന്റെ നിർമ്മാണം നടന്നിരുന്നു. ഇതുമൂലം മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിൽ പോസ്റ്റുകളുടെ ഉയരം കുറഞ്ഞു. ഈ പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ നടന്നു വരികയായിരുന്നു. മാറ്റിയിട്ട പോസ്റ്റിന് എർത്ത് ലൈൻ വലിക്കാനാണ് കപിൽ വൈദ്യുത പോസ്റ്റിന് മുകളിൽ കയറിയത്. ഇതിനിടെ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ച് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്ത് ഫ്യൂസ് കാരിയറുകൾ ഊരിമാറ്റാൻ ഉദ്യോഗസ്ഥർ പോയസമയത്താണ് കപിൽ പോസ്റ്റിൽ കയറിയതെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കപിൽ ഉൾപ്പടെയുള്ള തൊഴിലാളികളോട് ഫ്യൂസ് കാരിയറുകൾ മാറ്റിയശേഷമേ പോസ്റ്റിൽ കയറാവൂ എന്ന് അറിയിച്ചിരുന്നതാണെങ്കിലും ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പേ ഇയാൾ പോസ്റ്റിൽ കയറുകയും ഷോക്കടിക്കുകയുമായിരുന്നു.