വണ്ടിപ്പെരിയാർ: എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിക്ക് നൽകാനായി പ്രതി പതിവായി മിഠായി വാങ്ങിയിരുന്ന സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് പ്രതി എല്ലാ ദിവസവും 50 മുതൽ 100 രൂപയ്ക്ക് വരെ മിഠായി വാങ്ങാറുണ്ടായിരുന്നതായി കടയുടമ പൊലീസിനോട് പറഞ്ഞു. കുട്ടി കൊല്ലപ്പെടുന്ന ദിവസം പകൽ 12 ന് പ്രതി കടയിൽ വരികയും 50 രൂപയ്ക്ക് മിഠായി വാങ്ങുകയും ചെയ്തിരുന്നതായും കടയുടമ മൊഴി നൽകി. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.