തൊടുപുഴ: ഓൺലൈനിൽ വസ്തു കരം അടക്കാൻ കഴിയാതായിട്ട് മൂന്നാഴ്ച്ച. സൈറ്റ് ബ്ലോക്കായതിനു ശേഷം ഇതുവരെ സൈറ്റ് ഓപ്പൺ ചെയ്യാൻ സാധിക്കാതെവന്നതാണ് കരം അടയ്ക്കുന്നതിന്തടസമായത്. . കൊവിഡ് പശ്ചാത്തലത്തിൽ പരമാവധി ഇടപാടുകൾ ഓൺ ലൈൻ വഴി നടത്തണമെന്ന് ബോധവൽകരണം ഒരു വശത്ത് നടക്കുമ്പോഴാണ് അടിസ്ഥാന നികുതിയായ വസ്തുകരം പോലും തടസമില്ലാതെ ഓൺലൈനിൽ അടക്കാൻ സാധിക്കാതെ വരുന്നത്.കൊവിഡ് മാനദണ്ഡമനുസരിച്ച് സർക്കാർ ഓഫീസുകളുടെ പ്രവർത്തന ദിവസങ്ങൾ കുറയ്ക്കുകയും അധികം ആളുകളെ ഓഫീസുകളിൽ പ്രവേശിപ്പിക്കാതിരുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴി കരം അടയ്ക്കാൻ കഴിയും എന്നത് വലിയ ആശ്വാസമായിരുന്നു. അതിനാണ് ഇപ്പോൾ തടസം നേരിടുന്നത്. എന്തിനും ഏതിനും കരം കെട്ടിയ രസീത് ആവശ്യമുള്ള സാഹചര്യത്തിൽ ഓൺലൈൻ സേവനം ലഭ്യമല്ലാത്തത് വലിയ തിരിച്ചടിയാകുന്നുണ്ട്. ഓൺലൈൻ സൈറ്റിലെ തടസം നീക്കി സുഗമമായി കരം അടയ്ക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി.