തൊടുപുഴ: കാമുകനൊപ്പം പോയ പെൺകുട്ടിയെ ചൊല്ലി മുട്ടം കോടതി വളപ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. മകളെ തട്ടിക്കൊണ്ടു പോയെന്ന തൊടുപുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ഇന്നലെ വൈകിട്ടോടെ പൊലീസ് പെൺകുട്ടിയെ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിചാരണയ്ക്കിടെ കാമുകന്റെയൊപ്പം പോകാനാണ് താത്പര്യമെന്ന് പെൺകുട്ടി ജഡ്ജിയെ അറിയിച്ചു. തുടർന്ന് പ്രായപൂർത്തിയായ വ്യക്തിയെന്ന പരിഗണനയിൽ ഇഷ്ടമുള്ളയാൾക്കൊപ്പം പോകാൻ ജഡ്ജി പെൺകുട്ടിയെ അനുവദിച്ചു. ഇതിനിടെ കോടതിയിൽ നിന്ന് പുറത്തേക്ക് വന്ന പെൺകുട്ടിയെ കാത്ത് നിന്ന പിതാവും ബന്ധുക്കളും ബലപ്രയോഗത്തിൽ പെൺകുട്ടിയെ കാറിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി ബഹളം വയ്ക്കുകയും കോടതിയുടെ വെളിയിൽ നിന്നിരുന്ന കാമുകനും കൂട്ടരും ഇവരെ തടയുകയും കൂടി ചെയ്തതോടെ സംഘർഷാവസ്ഥയുണ്ടായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എല്ലാവരെയും പുറത്താക്കി കോടതിയുടെ മെയിൻ ഗേറ്റ് അടച്ചാണ് പ്രശ്നം പരിഹരിച്ചത്.