നെടുങ്കണ്ടം: മുൻവൈരാഗ്യത്തിന്റെ പേരിൽ വയോധികയെ പലചരക്ക് കടയ്ക്കുള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാർഡംഗവും എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേൽ (34), പ്രകാശ്ഗ്രാം എട്ടുപടവിൽ ബിജു (43), അമ്മൻചേരിൽ ആന്റണി (39) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിക്കൽ, ഇന്ധനം ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമം, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി 11 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷനിലെത്തിയശേഷം അജീഷ് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മറ്റൊരുകേസും ചുമത്തിയിട്ടുണ്ട്. കേസിൽ ബിജു ഒന്നാം പ്രതിയും സി.പി.ഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയംഗമായിരുന്ന അജീഷ് കേസിൽ രണ്ടാം പ്രതിയാണ്. തൂക്കുപാലത്തിന് സമീപം പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68)യ്‌ക്കെതിരെയാണ് ആക്രമണമുണ്ടായത്.

ആരോപണങ്ങൾ

അന്വേഷിക്കും

സംഭവത്തെത്തുടർന്ന് അജീഷ് മുതുകുന്നേലിനെ സി.പി.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ സസ്‌പെൻഡ് ചെയ്തിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റായ അജീഷ് മുതുകുന്നേലിനെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി അഡ്വ. വി.എസ് അഭിലാഷും അറിയിച്ചു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി കമ്മറ്റിക്കും രൂപം നൽകി. എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം വി.ആർ പ്രമോദ്, അഡ്വ. കെ.ജെ ജോയിസ്, അഡ്വ. സെൽവം കണ്ണൻ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.