തൊടുപുഴ : ആകെപ്പാടെ നാല് സെന്റ് സ്ഥലമേയുള്ളു, ഇതിലെങ്ങനെ മാലിന്യ സംസ്‌കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക... കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്നൊന്നും പറഞ്ഞൊഴിയിയാൻ ചെള്ളൽ കോളനിക്കാർ തയ്യാറായില്ല, ഒത്തൊരുമയോടെ അവർ കോളനിയെ വൃത്തിയും വെടിണ്ടുമുള്ളതാക്കി മാറ്റി. പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളൽ കോളനിവാസികളെല്ലാം വീടുകളിലെ ഭക്ഷണാവശിഷ്ടവും മറ്റും സംസ്‌കരിച്ച് നല്ല വളമുണ്ടാക്കുന്നവരാണ്... ഇവിടുത്തെ താമസക്കാരിയും ഹരിതകർമ്മ സേനാംഗവുമായ പൊട്ടൻപ്ലാക്കൽ ബിജിമോളാകട്ടെ ജൈവവളം മാർക്കറ്റ് ചെയ്യാനും തുടങ്ങി.സ്ഥലസൗകര്യത്തിലൊന്നും ഒരു കാര്യവുമില്ലെന്നാണ് കോളനിക്കാരുടെ പക്ഷം.
ഹരിത കേരളത്തിന്റെ സമഗ്ര ജൈവമാലിന്യ സംസ്‌കരണ പരിപാടി ഒരു കോളനിയി വരുത്തിയ മാറ്റം ഒട്ടും ചെറുതല്ല. 35 വർഷത്തോളം പഴക്കമുള്ളതാണ് ഈ കോളനി. . പ്ലാസ്റ്റിക്ക് കൂടുകളും കടലാസ്സും ചക്ക, മാങ്ങ തുടങ്ങിയവയെല്ലാം കോളനിയിൽ പരിസരമാകെ ചിതറുമായിരുന്നു. ഇന്ന് വൃത്തിയുടെ കോളനിയായി മാറിയിരിക്കുകയാണ് . പരിസരത്തൊന്നും വലിച്ചെറിഞ്ഞ നിലയിൽ ഒന്നും കാണാനില്ല. പ്ലാസ്റ്റിക്കും മറ്റും ഹരിതകർമ്മസേനയ്ക്ക് നൽകും.യൂസർഫീയും കൃത്യമായി കൊടുക്കും. ഭക്ഷണമാലിന്യങ്ങളുൾപ്പടെയുള്ളവ ബയോപോട്ടുപയോഗിച്ച് മികച്ച വളമാക്കും.വാർഡ് മെംബർ സിനി ജസ്റ്റിനാണ് വാർഡിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനമെത്തിച്ചത്. പി ജെ ജോസഫ് എംഎൽഎ ഇടപെട്ടായിരുന്നു ബയോപോട്ടുകൾ സൗജന്യമായി നൽകിയത്.
കോളനിയിൽ 22 വീടുകളാണുള്ളത്.അതിൽ താമസക്കാരില്ലാത്ത നാലിടത്തൊഴികെ എല്ലാ വീടുകളിലും ജൈവവളമുണ്ടാക്കുന്നുണ്ടെന്ന് ബിജിമോൾ പറഞ്ഞു.ഒന്നും വലിച്ചെറിയാതിരിക്കാൻ കോളനിക്കാരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്നു. വീടുകളിലെ കഞ്ഞിവെള്ളവും മറ്റും സമീപത്തെ ഒരു ക്ഷീരകർഷകന് കൊടുത്തൊഴിവാക്കുകയാണ്.
ജൈവവളത്തിന് 30 രൂപ
ബയോപോട്ടുകളിലിടുന്ന ജൈവ മാലിന്യങ്ങൾ സാധാരണനിലയിൽ 35 ദിവസം കൊണ്ട് നല്ല വളമായി മാറും. ഇവയുടെ ഗുണനിലവാരം അതിശയപ്പെടുത്തുന്നതായി ബിജിമോൾ പറയുന്നു. പച്ചക്കറിയ്ക്കും മറ്റ് കൃഷികൾക്കുമൊക്കെയിട്ടപ്പോൾ വളർച്ച ശരവേഗത്തിലായിരുന്നു. ഉപയോഗ ശേഷം മിച്ചം വന്ന മുപ്പതുകിലോയോളം വളം കിലോയ്ക്ക് 30 രൂപാ നിരക്കിൽ കച്ചവടമുറപ്പിച്ചതിന്റെ സന്തോഷത്തിലാണ് ബിജി. ''വെള്ളവും വെളിച്ചവും റോഡും തുടങ്ങിയെല്ലാ അടിസ്ഥാന സൗകര്യങ്ങളും ഞങ്ങൾക്കുണ്ടായിരുന്നു, മാലിന്യ പ്രശ്‌നമായിരുന്നു ഏക തലവേദന. ഇപ്പോൾ അതും പരിഹരിച്ചു''. ജലാംശമില്ലാതെ മാലിന്യങ്ങൾ ബയോപോട്ടിൽ നിക്ഷേപിച്ചാൽ യാതോരു ദുർഗന്ധവുമുണ്ടാകില്ലെന്നും ബിജിമോൾ ഓർമ്മിപ്പിക്കുന്നു.