തൊടുപുഴ: ഏറെ നാളായി മുടങ്ങി കിടക്കുന്ന ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്നമായ ശബരി റെയിൽ പാതയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ പദ്ധതി വീണ്ടും ട്രാക്കിലായെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന ഡീൻ കുര്യാക്കോസ് എം.പിയുടെ കത്തിന് മറുപടിയായാണ് പദ്ധതിയുമായി റെയിൽവേ മുന്നോട്ടു പോവുകയാണെന്ന ശുഭകരമായ വാർത്ത കേന്ദ്രമന്ത്രി അറിയിച്ചത്. നാട്ടുകാരുടെ എതിർപ്പും മാറി മാറി വന്ന സംസ്ഥാന സർക്കാരുകളുടെ താത്പര്യമില്ലായ്മയുമാണ് പദ്ധതി അനന്തമായി നീണ്ടുപോകാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.
1997- 98ലെ കേന്ദ്ര റെയിൽവേ ബഡ്ജറ്റിൽ പ്റഖ്യാപിച്ച 116 കിലോ മീറ്രർ ദൈർഘ്യമുള്ള അങ്കമാലി- ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അഞ്ച് കിലോ മീറ്റർ കുറച്ച് പാത എരുമേലി വരെയാക്കി. 2002ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടുപോകാതിരുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു . ഇതോടെ പദ്ധതി തുക 550 കോടിയിൽ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി ഉയർന്നു.
ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ച് നിന്നു. എന്നാൽ പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ ജനുവരിയിൽ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്. സംസ്ഥാനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന റെയിൽവേ വികസന കോർപ്പറേഷൻ പദ്ധതിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെയുള്ള 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ലിഡാർ സർവേ ഇനി പൂർത്തിയാക്കണം. മഴ മാറിയാലുടൻ ഏരിയൽ സർവേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതൽ എരുമേലി വരെയുള്ള 70 കിലോമീറ്റർ മാത്രം പൂർത്തിയാക്കാൻ 2825 കോടി രൂപ ചെലവ് വരും.
പ്രധാനമന്ത്രി നിരീക്ഷിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ള ഏക റെയിൽ പദ്ധതിയാണ് ശബരിപാത. പദ്ധതി വൈകുന്നതിന് കഴിഞ്ഞ റെയിൽവേ അവലോക യോഗത്തിൽ സോണൽ ആഫീസുകളെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
ട്രാക്കിലാകുന്നത് സ്വപ്ന പദ്ധതി
പദ്ധതി പ്രഖ്യാപനം- 1997- 98
അങ്കമാലി മുതൽ എരുമേലി വരെ- 111 കിലോമീറ്റർ
അന്നത്തെ ചെലവ്- 550 കോടി രൂപ
നിലവിലെ ചിലവ് 2825 കോടി രൂപ (70 കി.മി)
24 വർഷത്തിനിടെ ഏഴര കിലോമീറ്റർ
കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്. പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു.