തൊടുപുഴ: എ.ടി.എമ്മും സി.ഡി.എമ്മും നിശ്ചലമാകുന്ന പ്രവണത ജില്ലയിലും വ്യാപകമാകുന്നു. കൊവിഡ് വ്യാപകമായിരുന്ന അവസ്ഥയിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിലെ കൗണ്ടറുകൾ മാസങ്ങളോളം അടഞ്ഞ് കിടന്ന സംഭവങ്ങളുമുണ്ട്. വിവിധ കാരണങ്ങളാൽ പ്രവർത്തന രഹിതമായ കൗണ്ടറുകളുടെ പ്രശ്നം പരിഹരിക്കാൻ ബാങ്ക് അധികൃതർ താത്പര്യം കാണിക്കുന്നുമില്ല. എ.ടി.എം കൗണ്ടറുകൾ വഴി കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ലതിനാൽ പൊതുജനമെത്തുന്നത് കുറഞ്ഞിരുന്നു. പകരം ഡിജിറ്റൽ ഇടപാടുകളാണ് ജനം കൂടുതലായി സ്വീകരിച്ചത്. എ.ടി.എം- സി.ഡി.എം ഇടപാടുകൾക്ക് റിസർവ് ബാങ്ക് അടുത്ത നാളിൽ നിരക്ക് വർദ്ധിപ്പിച്ചതും ജനം അകലാൻ കാരണമായി. ഇടപാടുകൾ കുറഞ്ഞതോടെ കൗണ്ടർ സ്ഥിരമായി പ്രവർത്തന സജ്ജമാക്കുന്നത് ബാങ്കുകൾക്ക് 'നഷ്ട കച്ചവടവുമായി'. പൊതു മേഖല- സഹകരണ മേഖല- സ്വകാര്യ മേഖലകളിലായി വിവിധ ബാങ്കുകൾ എ.ടി.എം- സി.ഡി.എം ഉൾപ്പടെ ആയിരത്തിൽപരം കൗണ്ടറുകൾ ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ലീഡ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ലെന്നതാണ് സ്ഥിതി. കൗണ്ടറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടും അധികൃതർ അതിനോട് മുഖം തിരിക്കുകയാണ്.

തിരക്കേറുന്നു,​ ഉദ്യോഗസ്ഥർ കട്ട കലിപ്പിൽ

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിലും എ.ടി.എം- സി.ഡി.എം കൗണ്ടറുകളിൽ നിന്ന് ജനം പിന്തിരിയുന്നതും ബാങ്കുകളിലെ തിരക്ക് വർപ്പിദ്ധിച്ചു. ഡിജിറ്റൽ സംവിധാനങ്ങളിൽ പരിചയക്കുറവുള്ളവരും ബാങ്കിലേക്ക് നേരിട്ട് എത്തുകയാണ്. ഇതും ബാങ്കുകളിലെ തിരക്ക് നിയന്ത്രണാതീതമാക്കുന്നു. ഇത് പലപ്പോഴും ചില ബാങ്ക് ഉദ്യോഗസ്ഥരെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്.