വണ്ടിപ്പെരിയാർ: ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് സുരേഷ് ഗോപി എം.പി. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ബാലികയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ രാഷ്ട്രീയമല്ല നോക്കേണ്ടത്. പ്രതിക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ ഉറപ്പാക്കുന്നതിനായി ബാലാവകാശ കമ്മിഷനും കോടതിയും കൂടുതൽ ജാഗ്രത കാട്ടണം. പലയിടത്തും ഇത്തരം കേസുകൾ അട്ടിമറിക്കുന്ന പൊലീസ് വണ്ടിപ്പെരിയാർ സംഭവത്തിൽ കൃത്യമായി ഇടപെട്ടതിനാലാണ് പ്രതിയെ പിടികൂടാനായത്. ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ സുരക്ഷിതരല്ല. ഇക്കാര്യം കേന്ദ്ര- സംസ്ഥാന വനിതാ കമ്മിഷനുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, സെൽ കോർഡിനേറ്റർ എ.വി. മുരളീധരൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ. അനീഷ് കുമാർ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ആർ. രാജേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ബാലാവകാശ കമ്മിഷനും കുട്ടിയുടെ വീട്ടിലെത്തി
സംസ്ഥാന ബാലാവകാശ കമ്മിഷനും വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു. കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ലയങ്ങളിൽ താമസിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡേ കെയർ സെന്ററുകൾ പോലുള്ളവ ആരംഭിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷൻ അംഗം സി. വിജയകുമാർ, സി.ഡബ്ല്യു.സി ചെയർമാൻ ജോസഫ് അഗസ്റ്റിൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എം.ജി. ഗീത എന്നിവർ ഒപ്പമുണ്ടായിരുന്നു.
വണ്ടിപ്പെരിയാർ കേസ് പീരുമേട്
എം.എൽ.എ അട്ടിമറിക്കുന്നെന്ന് ബി.ജെ.പി
തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ പീരുമേട് എം.എൽ.എ വാഴൂർ സോമൻ കൂട്ടുനിൽക്കുന്നെന്ന് ബി.ജെ.പി. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ എം.എൽ.എ ശ്രമം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയത്. പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകനായതിനാൽ സി.പി.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് എം.എൽ.എ ഇടപെട്ടത്. പ്രതിയെ വിട്ടയക്കാനും എം.എൽ.എ പൊലീസിൽ സമ്മർദ്ദം ചെലുത്തി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കൊലപാതകം വാളയാറിലേതിന് സമാനമാണ്.പാർട്ടി രക്ഷിക്കുമെന്ന വിശ്വാസമാണ് കുറ്റകൃത്യം ചെയ്യാൻ ഇത്തരക്കാർക്ക് പ്രേരണയാകുന്നത്. അഞ്ചുകൊല്ലം കൊണ്ട് രണ്ടായിരത്തിലേറെ പട്ടികജാതി, ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായിട്ടും സർക്കാർ കൈയുംകെട്ടി നോക്കി നിന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം ബിനു ജെ. കൈമൾ, ഇടുക്കി ജില്ലാ സെക്രട്ടറി കെ.എസ് അജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മരിച്ചത് കുട്ടിയായതിനാൽ നാട്ടുകാരടക്കം ആവശ്യപ്പെട്ടപ്പോൾ പോസ്റ്റ്മോർട്ടം ഒഴിവാക്കാനാകുമോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ മരണത്തിൽ അസ്വാഭാവികത പ്രകടിപ്പിച്ചതോടെ അന്വേഷണം തുടരാൻ ഞാനാണ് നിർദ്ദേശം നൽകിയത്. പ്രതിക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹം. മറിച്ചുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണ്.
-വാഴൂർ സോമൻ എം.എൽ.എ