തൊടുപുഴ: കരിമണ്ണൂർ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ ഡ്യൂട്ടിക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ എക്‌സൈസ് റേഞ്ച് ആഫീസിലെ സിവിൽ എക്‌സൈസ് ആഫീസർ എ.ഐ. സുബൈറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ കരിമണ്ണൂർ കിളിയറ പന്നാരക്കുന്നേൽ കണ്ണായി എന്നു വിളിക്കുന്ന ബിനുവിനെയാണ് (38) കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായാണ് എക്‌സൈസ് കമ്മിഷണറുടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എക്‌സൈസ് ഉദ്യോഗസ്ഥരെ ബിവറേജ് ഔട്ട്‌ലെറ്റിനു മുന്നിൽ നിയോഗിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് കരിമണ്ണൂർ ബിവറേജ് ഔട്ട്‌ലെറ്റിൽ തിരക്കേറിയ സമയത്ത് ഇവിടെ ഡ്യൂട്ടിക്കെത്തിയതായിരുന്നു സുബൈർ. ഔട്ട്‌ലെറ്റിനു മുന്നിൽ ക്യൂ തെറ്റിച്ച് കയറാൻ ശ്രമിച്ചയാളെ നിയന്ത്രിക്കുന്നതിനിടെയാണ് എക്‌സൈസ് ആഫീസർക്കു നേരെ അസഭ്യവർഷവും കൈയേറ്റശ്രമവും ഉണ്ടായത്. സുബൈർ വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ബിനു സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.