തൊടുപുഴ: മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കിടന്നിരുന്ന വിവിധ സർക്കാർ വകുപ്പുകളുടെ പഴയ വാഹനങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നീക്കി. വർഷങ്ങളായി ഇവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന വാഹനങ്ങളാണ് സിവിൽ സ്റ്റേഷൻ വളപ്പിൽ തന്നെ മറ്റൊരിടത്തേക്ക് കെട്ടിവലിച്ചും തള്ളിയും നീക്കിയത്. ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടേണ്ട ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ കാലങ്ങളായി ഇവിടെ കിടന്ന് നശിക്കുകയായിരുന്നു. വനിത ശിശുക്ഷേമ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കാർഷിക കർഷക ക്ഷേമ വകുപ്പ്, മൈനിംഗ് ആന്റ് ജിയോളജി എന്നിവയുടെ വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഡ്രൈവർമാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്‌തോടെയാണ് ഈ വാഹനങ്ങൾ ഷെഡിൽ കയറിയത്. പഴയ ഫൈബർ ബോഡിയുള്ള വാഹനങ്ങളാണ് കൂടുതലും. ജീവനക്കാരുടെ വാഹനങ്ങളും സർക്കാർ വാഹനങ്ങളും പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലാണ് ഇവ കിടന്നിരുന്നത്. മാർഗ തടസം സൃഷ്ടിച്ചു കിടന്നിരുന്ന വാഹനങ്ങൾ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മറ്റൊരിടത്തേക്ക് മാറ്റിയത്.