തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ (എസ്.ടി.എ) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. സമഗ്രശിക്ഷ കേരളയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ കലാകായിക പ്രവർത്തിപരിചയ അദ്ധ്യാപകരെ 7000 രൂപാ മാസ ശമ്പളത്തിൽ ഫുൾ ടൈമായി ജോലി ചെയ്യിക്കുന്ന നടപടി അവസാനിപ്പിക്കുക, മൂന്ന് വർഷമായി വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമുള്ള ശമ്പളപരിഷ്കരണ ആനുകൂല്യം സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്കും നൽകുക, തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുക, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോടുള്ള അസമത്വവും ചൂഷണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. തൊടുപുഴ ജില്ലാ ആഫീസിന് മുന്നിൽ നടന്ന ധർണ്ണ എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സുമോൾ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സിനി കെ.സി, ബിനിമോൾ,സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.