ഇടുക്കി: ജില്ലയിൽ കാലവർഷം വീണ്ടും ശക്തിപ്പെട്ടതോടെ തൊടുപുഴ ഉൾപ്പെടെയുള്ള മിക്കയിടങ്ങളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാത്രിവരെയും പലയിടത്തും തുടർന്നു. മണിക്കൂറുകൾ തുടർച്ചയായി മഴ എത്തിയതോടെ സംഭരണികളിലെ ജലനിരപ്പുയർന്നു. പുഴകളിലും തോട്ടിലും ജലനിരപ്പ് കുതിച്ചുയർന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം ഇടുക്കിയിൽ 36 ശതമാനം മഴയുടെ കുറവാണുള്ളത്. 105.87 സെ.മീ ലഭിക്കേണ്ട സ്ഥാനത്ത് 67.42 സെ.മീ. മഴയാണ് കിട്ടിയത്. ഇടുക്കി താലൂക്കിൽ 7.62 സെ.മീറ്റർ മഴ വെള്ളിയാഴ്ച രേഖപ്പെടുത്തി. പീരുമേട് 9.6, തൊടുപുഴ 6.92, മൂന്നാർ 3.91, മൈലാടുംപാറ 3.7 സെ.മീ. വീതവും മഴ ലഭിച്ചു. ജലനിരപ്പ് ഉയർന്നതോടെ പാബ്ല, കല്ലാർകുട്ടി ഡാമുകൾ ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് ലഭിച്ച വിവരം പ്രകാരം പാബ്ല ഡാമിലെ ജലനിരപ്പ് 249.60 മീറ്റർ പിന്നിട്ടു. 253 മീറ്ററാണ് പരമാവധി സംഭരണ ശേഷി. കല്ലാർകുട്ടി ഡാമിന്റെ ജലനിരപ്പ് 454.3 മീറ്ററിലെത്തി. 456.6 മീറ്ററാണ് പരമാവധി ശേഷി. ഇരു ഡാമുകളും തുറക്കുന്നതിനാൽ പെരിയാർ, മുതിപ്പുഴയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. മഴ ശക്തമായതോടെ മലങ്കര ഡാമിലെ ജലനിരപ്പും ഉയർന്നു. 14ാം തിയതിവരെ ജില്ലയിൽ നിലവിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.


മൂന്ന് വീടുകൾ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്ന് കോടിക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. പാറപ്പുഴ കുഞ്ഞുവട്ടോത്ത് അമ്മിണി, കുഞ്ഞുവട്ടോത്ത് ഉദയൻ,​ വലരിയിൽ ഫ്രാൻസിസ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.