തൊടുപുഴ: നഗരത്തിൽ വിവിധയിടങ്ങളിൽ അടിക്കടി ശുദ്ധജല വിതരണം മുടങ്ങുന്നത് ജനങ്ങൾക്ക് വലിയ ദുരിതമായി മാറുന്നു. ശനിയാഴ്ചയും തൊടുപുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കിട്ടിയില്ലെന്ന് പരാതി ഉയർന്നു. അർബൻ ശുദ്ധ ജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിനോട്‌ ചേർന്ന വിതരണ പൈപ്പിൽ കഴിഞ്ഞ ദിവസമാണ് തകരാറുണ്ടായത്. ശനിയാഴ്ച രാവിലെ പൈപ്പ് നന്നാക്കിയെങ്കിലും ജല വിതരണം പഴയപോലെ പുനഃസ്ഥാപിക്കാനായില്ല. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് കൂടുതൽ. ഇടയ്ക്കിടെ പൈപ്പ് തകരാറിലാകുന്നത് ദൈനം ദിന ജീവിതത്തെ തന്നെ പ്രയാസത്തിലാക്കുന്നതായാണ് ജനം പറയുന്നത്. അതേ സമയം തകരാർ പരിഹരിച്ചിട്ടുണ്ടെന്നും എല്ലായിടത്തും വെള്ളം എത്തിച്ചേരാൻ താമസമെടുക്കുന്നതാകാം പ്രയാസമുണ്ടാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.