തൊടുപുഴ: കൊവിഡ് ആശങ്ക നിലനിൽക്കെ സിക്ക വൈറസ് ഭീഷണി കൂടി വന്നതോടെ ജനങ്ങൾ ഭീതിയിൽ. ഡെങ്കി പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകളാണ് ഇവിടെയും വില്ലൻ. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി രണ്ടു മുതൽ ഏഴു ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്. കൊവിഡ് പോലെആർ.ടി.പി.സി.ആർ പരിശോധനയാണ് സിക്കയ്ക്കും സാധാരണയായി നടത്തുന്നത്. എൻ.സി.ഡി.സി ഡൽഹി, എൻ.ഐ.വി പൂനെ എന്നിവിടങ്ങളിലാണ് നിലവിൽ സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്.
രോഗം പകരുന്നതെങ്ങനെ
വൈറസ് ബാധയുള്ള ഈഡിസ് കൊതുക് കടിക്കുന്നത് വഴിയാണ് രോഗം പകരുന്നത്. അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും രോഗം ബാധിക്കാം. ലൈംഗിക ബന്ധത്തിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയും അവയവം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. പനി, തിണർപ്പ്, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, കണ്ണിൽ ചുവപ്പ്, തലവേദന എന്നിവ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.
സൂക്ഷിക്കേണ്ടത് ഗർഭിണികൾ
ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് വരെ കാരണമാകും. കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥ, മറ്റ് ജനിതക വൈകല്യങ്ങൾ, ഗർഭഛിദ്രം, ചാപിള്ള പിറക്കൽ, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് കാരണമായേക്കാം.
മറക്കരുത് മരുന്നില്ല
നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല. വേദനയ്ക്കും പനിക്കുമുള്ള മരുന്നുകൾ, വിശ്രമം, ധാരാളം വെള്ളം കുടിക്കുക എന്നിവ വഴി രോഗം ഭേദമാവും. രോഗം ഗുരുതരമാവുകയാണെങ്കിൽ വൈദ്യസഹായം തേടണം.
കൊതുകിനെ തുരത്തുക
കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക
ജനാലകളും വാതിലുകളും അടച്ചിടുക
ശരീരം മൂടുന്ന വിധം വസ്ത്രം ധരിക്കുക
ഉറങ്ങുമ്പോൾ പകലും കൊതുക് വലകൾ ഉപയോഗിക്കുക
വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരം സംരക്ഷിക്കുക
'നിലവിൽ ജില്ലയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ല. കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എല്ലാ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം പകരുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളടങ്ങിയ മാർഗനിർദേശങ്ങളും കൈമാറിയിട്ടുണ്ട്."
- ഡോ. എൻ. പ്രിയ (ഡി.എം.ഒ)