മുട്ടം: ലോക്ക് ഡൗണിന്റെ ഭാഗമായി മുട്ടം പൊലീസ് നടത്തുന്ന വാഹന പരിശോധനയിൽ വ്യാപക പ്രതിഷേധം. യാത്ര ചെയ്യാൻ സർക്കാർ അനുമതി നൽകിവർ,കൃത്യമായ സത്യവാങ്ങ് കൈവശമുള്ളവർ എന്നിവരുടെയെല്ലാം വാഹനങ്ങൾ മണിക്കൂറോളം നേരം റോഡിൽ തടഞ്ഞിടുകയാണെന്ന് യാത്രക്കാർ പറയുന്നു.ശനി,ഞായർ ദിവസങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാലാണ് വാഹനങ്ങൾ തടഞ്ഞിടുന്നതെന്നാണ് റോഡിലുള്ള പൊലീസുകാർ പറയുന്നത്.എന്നാൽ ജില്ലയിൽ മറ്റ് ഒരിടത്തും ജനത്തെ ദുരിതത്തിലാക്കിയുള്ള ഇത്തരം വാഹന പരിശോധനകൾ ഇല്ലെന്നും വിവിധ മേഖലകളിലുള്ളവർ പറയുന്നു.വാഹനങ്ങൾ കടത്തി വിടാതെയുള്ള വാഹന പരിശോധന രാവിലെ ആരംഭിച്ച് ഉച്ച വരെ തുടരും.ഇതേ തുടർന്ന് രോഗികൾ, ഗർഭിണികൾ,വൃദ്ധർ,ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ മണിക്കൂറോളം നേരം കടുത്ത വെയിലത്ത് റോഡിൽ കുരുങ്ങി കിടക്കുന്ന അവസ്ഥയാണുള്ളത്.വാഹനങ്ങൾ കടത്തി വിടാത്തതിനെ തുടർന്ന് തൊടുപുഴ,ഈരാറ്റ് പേട്ട, മൂലമറ്റം ഭാഗങ്ങളിലേക്കുള്ള റോഡിൽ കിലോ മീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുരുങ്ങി കിടക്കുന്നതും. മറ്റൊരിടത്തും ഇല്ലാത്ത പരിശോധനയിൽ പോലീസും വാഹന യാത്രക്കാരും നിരന്തരം വാക്കേറ്റങ്ങൾ ഉണ്ടാകുന്നുമുണ്ട്.ഏതാനും ആഴ്ച്ചകളായിട്ടുള്ള ശനി, ഞായർ ദിവസങ്ങളിൽ ഈ രീതിയാണ് മുട്ടം പൊലീസ് ചെയ്ത് വരുന്നത്.ഇന്നലെ നടന്ന പരിശോധനയിൽ മരണ വീട്ടിലേക്കുള്ള ആളെ കടന്ന് പോകാൻ അനുവദിക്കുകയും തിരികെ വന്നപ്പോൾ പിഴ അടപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ജനത്തെ കഷ്ടപ്പെടുത്തി മറ്റൊരിടത്തും ഇല്ലാത്ത വാഹന പരിശോധനയിൽ മുട്ടം സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസിന് കടുത്ത അമർഷവുമുണ്ട്.