ചെറുതോണി:കനത്ത മഴയിൽ ആൽമരത്തിന്റെ ശിഖരം വീണ് വ്യാപാരസ്ഥാപനങ്ങൾ തകർന്നു.മുരിക്കാശ്ശേരിക്ക് സമീപം പതിനാറാം കണ്ടത്ത് റോഡ് സൈഡിൽ നിന്ന ആൽമരത്തിന്റെ ശിഖരം ആണ് കഴിഞ്ഞ രാത്രിയിൽ മഴയെ തുടർന്ന് ഒടിഞ്ഞു വീണത്. റോഡ് സൈഡിലൂടെ കടന്നുപോയ ഇലവൺ കെവി ലൈനിൽ വന്നു പതിച്ച ശിഖരം സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം വരുത്തി. മണ്ണൂർ സജീവൻ, ജിജോ എല്ലാ പാറ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. സജീവന്റെ ബേക്കറിയും, രാജേഷ് കല്ലുപറമ്പിലിന്റെ സ്‌റ്റേഷനറി കടയുമാണ് കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നത്. ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പ എടുത്ത് ആയിരുന്നു ഇരു സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ലോൺ പോലും തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നതിനിടെ ഉണ്ടായ അത്യാഹിതം കച്ചവടക്കാർക്ക് ഏറ്റ തിരിച്ചടിയൊണെന്നും സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തണമെന്നും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് ആവശ്യപ്പെട്ടു.
40 വർഷം പഴക്കമുള്ളതും വഴിയാത്രക്കാർക്ക് ഉൾപ്പെടെ തണൽ വിരിച്ചു നൽകിയതുമായ ആൽ മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. തുടർന്നും അപകടങ്ങൾ ഉണ്ടാകാത്ത വിധം മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റണം എന്ന് ഗ്രാമപഞ്ചായത്ത് അംഗം കെ എ അലിയാർ ആവശ്യപ്പെട്ടു.